തിരുവല്ല : കേരളത്തെ സാമ്പത്തികമായി തകർക്കാനുള്ള നീക്കത്തെ ചെറുക്കുക,
കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ യോജിച്ചു അണിനിരക്കുക, പി എഫ് ആർ ഡി എ
നിയമം പിൻവലിക്കുക, നിർവ്വചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക,
നവകേരള സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാവുക, അഴിമതിയെ ചെറുക്കുക,
ജനപക്ഷ സിവിൽ സർവീസ് യാഥാർഥ്യമാക്കുക,
വർഗീയതയെ പ്രതിരോധിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക,
വിലക്കയറ്റം തടയുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ആഗസ്റ്റ് 10ന് തിരുവല്ലയിൽ നടക്കുന്ന സംസ്ഥാന സർക്കാർ ജീവനക്കാരുടെ മേഖല മാർച്ചും ധർണയും വിജയിപ്പിക്കാൻ എൻ ജി ഒ യൂണിയൻ തിരുവല്ല ഏരിയ ജനറൽ ബോഡി എല്ലാ ജീവനക്കാരോടും അഭ്യർത്ഥിച്ചു.
തിരുവല്ല ഗവൺമെൻ്റ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ ചേർന്ന ഏരിയ ജനറൽ ബോഡി എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എസ് ലക്ഷ്മിദേവി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ എം ഷാനവാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയ സെക്രട്ടറി സി സജീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.