പത്തനംതിട്ട: ജില്ലയിലെ 71 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 845 കുടുംബങ്ങളിലെ 2826 പേര്‍. ഏറ്റവും കൂടുതല്‍ ക്യാമ്പുകളുള്ളത് തിരുവല്ല താലൂക്കിലാണ്. ഇവിടെ 54 ക്യാമ്പുകളിലായി 729 കുടുംബങ്ങളിലെ 2423 പേര്‍ കഴിയുന്നു. കോഴഞ്ചേരി താലൂക്കില്‍ എട്ടു ക്യാമ്പുകളിലായി 63 കുടുംബങ്ങളിലെ 232 പേര്‍ കഴിയുന്നു. മല്ലപ്പള്ളി താലൂക്കില്‍ എട്ടു ക്യാമ്പുകളിലായി 49 കുടുംബങ്ങളിലെ 162 പേര്‍ കഴിയുന്നു. അടൂര്‍ താലൂക്കില്‍ ഒരു ക്യാമ്പില്‍ നാലു കുടുംബങ്ങളിലെ ഒന്‍പതു പേര്‍ കഴിയുന്നു.
ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് മല്ലപ്പള്ളി താലൂക്കിലെ നാലും തിരുവല്ല താലൂക്കിലെയും റാന്നി താലൂക്കിലെയും ഒരു ക്യാമ്പ് വീതവും പിരിഞ്ഞു. കോന്നിയില്‍ ക്യാമ്പ് ആരംഭിച്ചിട്ടില്ല.
ജൂലൈ മൂന്നു മുതല്‍ ഏഴുവരെയുള്ള കണക്കുപ്രകാരം ജില്ലയില്‍ 38 വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കോഴഞ്ചേരിയില്‍ മൂന്നും അടൂരില്‍ 11ഉം കോന്നിയില്‍ എട്ടും റാന്നിയില്‍ ഏഴും മല്ലപ്പള്ളിയില്‍ നാലും തിരുവല്ലയില്‍ അഞ്ചും വീടുകളാണ് ഭാഗികമായി തകര്‍ന്നിട്ടുള്ളത്.