ശബരിമല: കൊവിഡ് പ്രതിരോധം കാരണം നീലിമല പാത അടച്ചതോടെ ആചാരങ്ങളില്‍ പലതും മുടങ്ങിയെന്ന് തീര്‍ഥാടകര്‍. ശബരിമലയിലെ പരമ്പരാഗതമായ എല്ലാ ആചാരങ്ങളും പഴയപടി പുനസ്ഥാപിക്കുമെന്ന നിലപാടിലാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. നീലിമല പാത തുറക്കുക, നേരിട്ടുള്ള നെയ്യഭിഷേകം പുനസ്ഥാപിക്കുകതുടങ്ങിയ ഉള്‍പ്പടെ അഞ്ച് ആവശ്യങ്ങള്‍ക്ക് ഉടന്‍ അനുമതി കിട്ടുമെന്ന പ്രതീക്ഷയിലാണ് ദേവസ്വംബോര്‍ഡും വിശ്വാസികളും. ഇതില്‍ അന്തിമ തീരുമാനം ആയിട്ടില്ല.
മഹിഷിനിഗ്രഹം കഴിഞ്ഞ് ശ്രീധര്‍മ്മശാസ്താവ് അഴുതകടന്ന് കരിമല വഴി പമ്പയിലെത്തി നീലിമല വഴി സന്നിധാനത്തേക്ക് പോകും വഴി ശബരിക്ക് മോഷം നല്‍കിയ സ്ഥലമാണ് ശബരിപീഠം. ഈ വിശ്വാസത്തിന്റെ ഭാഗമായാണ് ശബരിപീഠത്തില്‍ ഭക്തര്‍ നാളികരം ഉടയ്ക്കുന്നത്. കഴിഞ്ഞ തീര്‍ത്ഥാടനകാലം മുതല്‍ ഈ ആചാരം മുടങ്ങിയതോടെ ശബരിപീഠം വിജനമാണ്. ഇവ പഴയപടി പുനസ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.