തിരുവനന്തപുരം: ഷാജൻ സ്കറിയയ്ക്ക് ഒളിവില്‍ കഴിയാനുള്ള സൗകര്യം ഒരുക്കുന്നത് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനാണെന്ന് ഡി.വൈ.എഫ്.ഐ.മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിലെ തന്നെ ഒരുവിഭാഗം നേതാക്കളുടെയും നിലപാട് തള്ളിയാണ് സുധാകരൻ വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്ന ഷാജൻ സ്കറിയയെയും മറുനാടൻ മലയാളിയെയും ന്യായീകരിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ആരോപിച്ചു.
ഹൈക്കോടതി പോലും മഞ്ഞപ്പത്രമെന്ന് വിശേഷിപ്പിച്ച മറുനാടൻ മലയാളിയെയും ഷാജൻ സ്കറിയയെയും ന്യായീകരിക്കുന്ന നിലപാട് സ്വീകരിക്കുന്നു. സ്ത്രീവിരുദ്ധവും ആളുകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് മറുനാടൻ ഇതുവരെ നടത്തിയിട്ടുള്ളത്. ആ മഞ്ഞപ്പത്രം അവരുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഒരുപാട് പ്രശ്നങ്ങളാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. നിരവധി പേര് കേസ് കൊടുത്തിട്ടുണ്ട്. ഹൈക്കോടതി ഉള്‍പ്പെടെ ഇടപെട്ടപ്പോള്‍ അയാള്‍ മുങ്ങുകയായിരുന്നു-സനോജ് ചൂണ്ടിക്കാട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുങ്ങിയ ഷാജൻ സ്കറിയയ്ക്കു വേണ്ടി വക്കാലത്തുമായാണ് കെ.പി.സി.സി അധ്യക്ഷൻ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുൻ ഖാര്‍ഗെ, കെ.സി വേണുഗോപാല്‍, ഉമ്മൻചാണ്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ അടച്ചാപേക്ഷിച്ച ഒരാളെയാണ് സുധാകരൻ ന്യായീകരിക്കുന്നത്. അപ്പോഴും മുസ്ലിം വിരുദ്ധതയും വംശീയാധിക്ഷേപവും തുടരുകയാണ് മറുനാടൻ. എന്നാല്‍, മറുനാടനെ മാധ്യമമായി തന്നെ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞത്. ഇതെല്ലാം തള്ളി മറുനാടൻ മഹത്തായൊരു മാധ്യമവും വലിയ സാമൂഹിക ഇടപെടലാണ് ഷാജൻ നടത്തുന്നതെന്നുമുള്ള പരാമര്‍ശമാണ് സുധാകരൻ നടത്തുന്നതെന്നും സനോജ് കുറ്റപ്പെടുത്തി.
”ആത്മാഭിമാനമുള്ള ഒരു കോണ്‍ഗ്രസുകാരനും അംഗീകരിക്കാനാകാത്ത പ്രവര്‍ത്തനമാണ് മറുനാടൻ നടത്തുന്നതെന്ന് ഇപ്പോള്‍ കോണ്‍ഗ്രസ് എം.പിമാരായ കെ. മുരളീധരനും ടി.എൻ പ്രതാപനും പറഞ്ഞുകഴിഞ്ഞു. പ്രതാപന്റെ വാക്ക് കടംകൊണ്ടാല്‍ ആത്മാഭിമാനമില്ലാത്ത ആളായി മാറിയിരിക്കുകയാണ് സുധാകരൻ. ഈ വിഷയത്തില്‍ കോണ്‍ഗ്രസിലെ നേതാക്കളുടെ അഭിപ്രായം അറിയണം. ലീഗിനെ തള്ളി നിലപാട് സ്വീകരിച്ച സുധാകരന്റെ നടപടി യു.ഡി.എഫ് അണികളും മനസിലാക്കണം.
”നാര്‍ക്കോട്ടിക് ജിഹാദ്, ലവ് ജിഹാദ്, ഹലാല്‍ ജിഹാദ് തുടങ്ങിയുള്ള അങ്ങേയറ്റം വഷളൻ പ്രസ്താവനകള്‍ വാര്‍ത്തയായി അവതരിപ്പിച്ചയാളെയാണ് ഒരു മടിയും മറയുമില്ലാതെ കെ.പി.സി.സി പ്രസിഡന്റ് ന്യായീകരിക്കുന്നത്. ഷാജൻ സ്കറിയയ്ക്ക് ഒളിവില്‍ കഴിയാനുള്ള സൗകര്യം ഒരുക്കുന്നത് സുധാകരനാണെന്നാണ് ബലമായ സംശയം. സുധാകരൻ രാഷ്ട്രീയകവചമൊരുക്കുന്നു, പരസ്യമായി ന്യായീകരിക്കുന്നു, ഒളിവില്‍ കഴിയാനുള്ള സൗകര്യമൊരുക്കിക്കൊടുക്കുന്നുവെന്നെല്ലാമാണ് മനസിലാകുന്നത്. ലീഗിനെ തള്ളി വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്നയാളെ ന്യായീകരിച്ച സുധാകരന്റെ പ്രസ്താവന സമൂഹം തിരിച്ചറിയണമെന്നും വി.കെ സനോജ് ആവശ്യപ്പെട്ടു.