ഡല്‍ഹി : മുതലപ്പൊഴിയില്‍ ഉണ്ടായ സംഭവങ്ങളുടെ പേരില്‍ ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെ കേസെടുത്ത നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.യഥാര്‍ഥത്തില്‍ അവിടെ പ്രകോപനമുണ്ടാക്കിയത് മന്ത്രിമാരാണ്. തീരദേശവാസികളെ അപമാനിക്കുന്ന രീതിയിലുള്ള പരാമര്‍ശമാണ് മന്ത്രിമാര്‍ നടത്തിയത്. ഷോ കാണിക്കുകയാണോ എന്ന് മന്ത്രിമാര്‍ ചോദിച്ചപ്പോഴാണ് ആളുകള്‍ പ്രതിഷേധിച്ചത്.
വികാരി ജനറാളിനെതിരെ കേസെടുത്ത് അവരെ നിശബ്ദരാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. സര്‍ക്കാരിനെതിരെ ആര് സംസാരിച്ചാലും അവര്‍ക്കെതിരെ കേസെടുക്കുക എന്നതാണ് നിലവില്‍ കേരള സര്‍ക്കാരിന്‍റെ സമീപനമെന്നും ചെന്നിത്തല വിമര്‍ശിച്ചു. പള്ളികളില്‍ അനധികൃത പിരിവ് നടത്തുന്നു എന്നതടക്കമുള്ള പ്രസ്താവനകളാണ് വി.ശിവന്‍കുട്ടി നടത്തിയത്. വിദ്യാഭ്യാസമന്ത്രിക്ക് യോജിച്ച വാക്കുകളല്ല ശിവന്‍കുട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. മന്ത്രി ലത്തീന്‍ സഭയോട് മാപ്പ് പറയണം. വികാരി ജനറാളിനെതിരായ കേസ് പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.