മുവി ഡെസ്ക്ക് : ഒരുകാലത്ത് മലയാളമടക്കമുള്ള തെന്നിന്ത്യൻ സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന നടിയാണ് ഗീത. വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളെ ഗീത ബിഗ്‌സ്‌ക്രീനില്‍ അവതരിപ്പിച്ചിട്ടുണ്ട്.മലയാളത്തിലും തമിഴിലുമെല്ലാം വലിയ സ്വീകാര്യതയാണ് ഗീതയ്ക്ക് ലഭിച്ചത്.
മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക്, കന്നഡ ഭാഷകളിലും സജീവമായിരുന്നു താരം. നായികയായും സഹനടിയായുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുള്ള ഗീത ഇപ്പോഴും സിനിമകളില്‍ സജീവമാണ്. എന്നാല്‍ അടുത്തകാലത്തായി വളരെ കുറച്ചു സിനിമകളില്‍ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തമിഴ് സിനിമയിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ ബാലചന്ദറിന്റെ നിരവധി സിനിമകളില്‍ ഗീത അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി നിരവധി സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള പ്രഗല്‍ഭനായ സംവിധായകനാണ് ബാലചന്ദര്‍. അപൂര്‍വ്വരാഗങ്ങള്‍ എന്ന സിനിമയിലൂടെ രജനീകാന്തിനെ തമിഴകത്തിന് സമ്മാനിച്ചത് അദ്ദേഹമാണ്. എംജിആര്‍, കമല്‍ ഹാസൻ, ശിവാജി ഗണേശൻ എന്നിങ്ങനെ സൂപ്പര്‍ താരങ്ങളെ എല്ലാം വച്ച് അദ്ദേഹം സിനിമകള്‍ ഒരുക്കിയിട്ടുണ്ട്
ഒരുസമയത്ത് ബാലചന്ദറിന്റെ സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്നു ഗീത. മിക്ക സിനിമകളിലും ഏതെങ്കിലും വേഷത്തില്‍ ഗീത എത്തിയിരുന്നു. ഇപ്പോഴിതാ ബാലചന്ദറിന്റെ ഒരു ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് ഗീത. ഗീതയെ നായികയാക്കി ബാലചന്ദര്‍ ഒരുക്കിയ സിനിമകള്‍ ആയിരുന്നു കല്‍ക്കി, പുതു പുതു അര്‍ത്ഥങ്ങള്‍, എന്നിവ. 1989 ലാണ് പുതു പുതു അര്‍ഥങ്ങള്‍ റിലീസ് ചെയ്തത്. മലയാളത്തിലും തമിഴിലും അന്ന് റൊമാന്റിക് നായകനായി തിളങ്ങി നിന്ന റഹ്മാൻ ആയിരുന്നു ചിത്രത്തിലെ നായകൻ.
ഭാര്യ ഭര്‍ത്താക്കന്മാരായിട്ടാണ് റഹ്മാനും ഗീതയും അഭിനയിച്ചത്. പ്രശസ്തനായ ഭര്‍ത്താവിനെ സംശയിക്കുന്ന, അതിന്റെ പേരില്‍ എപ്പോഴും അടികൂടുന്ന ഭാര്യ ആയിരുന്നു ഗീതയുടെ ഗൗരി എന്ന കഥാപാത്രം. സംവിധായകൻ ബാലചന്ദര്‍ ചിത്രത്തിലെ തന്റെ ഇഷ്ട രംഗമായി എപ്പോഴും പറഞ്ഞിട്ടുള്ളത് റഹ്‍മാനും ഗീതയും തമ്മിലുള്ള ഒരു വഴക്കാണ്. ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന സമയത്താണ് വഴക്ക് നടക്കുന്നത്.
സീൻ ഷൂട്ട് ചെയ്യുന്നതിനിടെ ദേഷ്യം അഭിനയിച്ചു കാണിക്കാൻ എന്തു ചെയ്യണം എന്നറിയാതെ നിന്ന ഗീത, മേശപ്പുറത്ത് ഇരുന്ന ടൊമാറ്റോ സോസ് റഹ്മാന്റെ മുഖത്തേക്ക് ഒഴിച്ചു. സ്ക്രിപ്റ്റില്‍ ഇല്ലാത്ത രംഗമായിരുന്നു ഇത്. അതുകൊണ്ട് തന്നെ ബാലചന്ദറും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന് അത് ഇഷ്ടമായി. റഹ്മാന്റെ മുഖത്തു നിന്ന് ആ സോസ് നക്കി തുടച്ചെടുത്ത് കഴിച്ച ശേഷം ഒരു ചുംബനം നല്‍കാൻ സംവിധായകൻ ആവശ്യപ്പെട്ടു എന്ന് ഗീത പറയുന്നു.
തന്റെ പിഴവ് കൊണ്ടാണ് അങ്ങനെയൊരു രംഗം ചെയ്യേണ്ടി വന്നതെന്ന് കരുതി സംവിധായകൻ ആവശ്യപ്പെട്ടത് പോലെ ചെയ്തു. ഒരു ഭാര്യക്ക് അങ്ങനെയാണ് ഭര്‍ത്താവിന്റെ ദേഷ്യം അടക്കാൻ സാധിക്കൂ എന്നാണ് ബാലചന്ദര്‍ പറഞ്ഞതെന്ന് ഗീത പറയുന്നു.
മുൻപ് കല്‍ക്കി എന്ന ചിത്രത്തില്‍ അഭിനയിക്കുമ്ബോള്‍ തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും തെറ്റ് വന്നാല്‍ സെറ്റില്‍ കിടന്ന് അലറുന്ന സംവിധായകൻ ഇത്തവണ അത് ചെയ്തില്ല. ആ സമയത്തൊക്കെ ഒരുപാട് താൻ കരഞ്ഞിട്ടുണ്ടെന്നും ഗീത പറഞ്ഞു. ഗീതയുടെ വാക്കുകള്‍ തമിഴ് സിനിമാലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്.