തിരുവല്ല : മാസ്ക് ഉപയോഗിച്ച് മുന്നിലെയും പിന്നിലെയും രജിസ്ട്രേഷൻ നമ്പർ മറച്ച ഇരുചക്ര വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി. കുന്നന്താനം സ്വദേശികളായ വിദ്യാർത്ഥികളുടേതാണ് വാഹനങ്ങൾ. നമ്പർ വ്യക്തതയില്ലാതെ പ്രദർശിപ്പിച്ചതും രൂപമാറ്റം വരുത്തിയതുമായ മറ്റൊരു വാഹനത്തിന്മേലും കേസെടുത്തു. എഐ ക്യാമറയിൽ നിന്ന് രക്ഷപ്പെടാനാണ് രജിസ്ട്രേഷൻ നമ്പർ മറച്ചതെന്ന് പ്രതികൾ സമ്മതിച്ചു. രണ്ട് വാഹനങ്ങൾക്കും കൂടി ഇരുപതിനായിരത്തിന് മേൽ പിഴ ഈടാക്കുമെന്നും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
മറ്റ് ഗുരുതര കുറ്റകൃത്യങ്ങളിൽ ഈ വാഹനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് പരിശോധിക്കാൻ പൊലീസ്, എക്സൈസ് എന്നീ വകുപ്പുകൾക്കും വിവരങ്ങൾ കൈമാറും. ക്യാമറയിൽ പതിഞ്ഞിരുന്നെങ്കിൽ അഞ്ഞൂറ് രൂപയിൽ തീരുമായിരുന്നിടത്താണ് നിയമത്തെ കബളിപ്പിക്കാനുള്ള അതിസാമർത്ഥ്യം വിനയായത്. മോട്ടോർ വാഹനവകുപ്പ് പത്തനംതിട്ട എൻഫോഴ്സ്മന്റ് വിഭാഗം ഇൻസ്പെക്ടർ അനീഷ് പി വി യുടെ നേതൃത്വത്തിൽ ഷമീർ എം, മനു വിശ്വനാഥ്, സ്വാതി ദേവ്, സാബു എസ് എന്നിവർ അടങ്ങിയ സംഘമാണ് ബൈക്കുകൾ പിടികൂടിയത്.