കോഴിക്കോട് : സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വലിയ ഊന്നലാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു. കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ നിര്‍മ്മിക്കുന്ന സെൻട്രല്‍ കമ്പ്യൂട്ടിങ് ഫെസിലിറ്റിയുടെയും ലൈബ്രറി ബ്ലോക്കിന്റെയും കെട്ടിട ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ദേശീയ ഉന്നത വിദ്യാഭ്യാസ സര്‍വ്വേയില്‍ കേരളത്തിന്റെ പ്രകടനം മികച്ചതായിട്ടാണ് ചൂണ്ടിക്കാണിക്കുന്നത്. ഗ്രോസ് എന്റോള്‍മെന്റ് അനുപാതം, അധ്യാപക വിദ്യാര്‍ത്ഥി അനുപാതം, വിദ്യാര്‍ത്ഥി കലാലയ അനുപാതം തുടങ്ങിയവ പരിശോധിക്കുമ്പോള്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയില്‍ മൂന്നാം സ്ഥാനത്താണ് കേരളം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും മികച്ച തൊഴില്‍ സാഹചര്യങ്ങള്‍ തൊഴില്‍ അന്വേഷകര്‍ക്ക് നല്‍കണമെന്ന കാഴ്ച്ചപ്പാടും ഗവേഷക ആഭിമുഖ്യമുള്ള കുട്ടികള്‍ക്ക് അതിനു വേണ്ട എല്ലാഭൗതിക പശ്ചാത്തലങ്ങളും സാമൂഹിക സാമ്പത്തിക പിന്തുണയും നല്‍കുന്ന ഇടപെടലുകളുമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ രണ്ട് ബജറ്റുകളിലായി ഉന്നത വിദ്യാഭ്യാസ മേഖലക്കായി സര്‍ക്കാര്‍ ഏകദേശം ആയിരം കോടി രൂപയാണ് നീക്കിവെച്ചത്. കിഫ്ബി പദ്ധതിയിലൂടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ആയിരം കോടി രൂപയും, റൂസ പദ്ധതി ഉപയോഗിച്ച് കൊണ്ട് 568 കോടിയോളം രൂപയുടെ പദ്ധതികളും, സംസ്ഥാന സര്‍ക്കാരിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് കോടി കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന അറിവുകള്‍സമൂഹത്തിന്റെ ഗുണകരമായ മുന്നേറ്റത്തിന് ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്ന കാഴ്ച്ചപ്പാടാണ് സര്‍ക്കാരിനുള്ളതെന്നും കോഴിക്കോട് എഞ്ചിനീയറിങ് കോളേജിനെ സാങ്കേതിക വിദ്യാഭ്യാസ സമുച്ചയമായി മാറ്റണമെന്ന നിര്‍ദ്ദേശങ്ങളെ സ്വീകരിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.