പത്തനംതിട്ട: കോഴഞ്ചേരി പഞ്ചായത്തിലെ ഗ്രാമവാസികളെ ഭീതിയിലാഴ്ത്തി വീടിനുള്ളില്‍ രക്തമൊഴുക്ക്. കോഴഞ്ചേരി ആറാം വാര്‍ഡ് കുരങ്ങുമല പനച്ചകുഴിയില് കാര്‍ത്യായനിയുടെ വീടിന്റെ തറയിലാണ് ഇന്നലെ രാത്രി ഏഴോടെ പ്രത്യേക പ്രതിഭാസം കണ്ടത്. രക്തം പോലെയുള്ള ദ്രാവകം നിലത്താകെ പടരുകയായിരുന്നു. തുണി ഉപയോഗിച്ച് തുടച്ചു മാറ്റാന്‍ ശ്രമിച്ചപ്പോള്‍ ഇത് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിച്ചു. കാലാവസ്ഥയില്‍ വന്ന വ്യതിയാനമാകാം ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കോഴഞ്ചേരിയിലെ പരിസ്ഥിതിലോല പ്രദേശമായ കുരങ്ങുമലക്ക് സമീപമാണ് സംഭവം നടന്ന വീട്.
വീട്ടുകാര്‍ പഞ്ചായത്ത് അംഗം സുനിത ഫിലിപ്പിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി വറുഗീസ് എത്തി റവന്യൂ ,പോലീസ് അധികാരികളുമായി ബന്ധപ്പെട്ടു. പോലീസ് എത്തി പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ച് ലാബിലേക്ക് അയച്ചു. റവന്യൂ,ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.