തിരുനക്കര ഒരുങ്ങി; പ്രിയ നേതാവിന് വിട നൽകാൻ…ആയിരം വാക്കുകൾ ഉരുക്കഴിച്ച വേദിയിൽ ഇനി ഉമ്മൻചാണ്ടി എത്തുക മൗനമായി…

കോട്ടയം : നാടിന്റെ പ്രിയ ജനകീയ നേതാവിനെ അവസാനമായി സ്വീകരിക്കാൻ തിരുനക്കര മൈതാനം ഒരുങ്ങി. ആയിരക്കണക്കിന് പ്രസംഗങ്ങളിൽ തീപ്പൊരി വാക്കുകൾ ഉരുക്കഴിച്ച വേദിയിൽ ഇനി പ്രിയ നേതാവ് ഉമ്മൻചാണ്ടി എത്തുക നിശ്ചലനായി. ഒരു വാക്കു പോലും ഉരിയാടാതെ പ്രിയപ്പെട്ടവരുടെ കണ്ണീരിൽ കുതിർന്ന സ്നേഹം ഏറ്റുവാങ്ങി ഉമ്മൻചാണ്ടി ഇവിടെനിന്നു മടങ്ങുമ്പോൾ ബാക്കിയാകുന്നത് വലിയൊരു ശൂന്യതയാണ്.

Advertisements

വൈകിട്ട് അഞ്ചരയോടെ കൂടി തിരുന്നക്കര മൈതാനത്ത് പൊതുദർശനത്തിനായി ഭൗതികദേഹം എത്തിക്കും എന്ന വിവരമാണ് ലഭിക്കുന്നത്. ഇതിനായുള്ള തയ്യാറെടുപ്പുകൾ എല്ലാം തിരുനക്കരയിൽ ഒരുങ്ങി കഴിഞ്ഞിട്ടുണ്ട്. തിരുനക്കര മൈതാനത്തെ സ്റ്റേജ് പൂക്കളാൽ അലങ്കരിച്ച് കുടുംബാംഗങ്ങൾക്കും , മുതിർന്ന നേതാക്കൾക്കും ഭൗതികദേഹത്തിന് അരികിൽ ഇരിക്കാനുള്ള അവസരം ക്രമീകരിച്ചാണ് പൊതുദർശനത്തിന് ഒരുക്കങ്ങൾ പൂർത്തിയായിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാധാരണക്കാരായ നാട്ടുകാർക്കും പ്രവർത്തകർക്കും സ്റ്റേജിന്റെ കിഴക്കുവശത്ത് കൂടി പ്രവേശിച്ച് പടിഞ്ഞാറുവശത്തു കൂടി പുറത്തേക്ക് ഇറങ്ങാനുള്ള രീതിയിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. സംക്രാന്തി മെറിസ്റ്റം ഇവന്റിന്റെ നേതൃത്വത്തിലാണ് സ്റ്റേജിലെ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇതു കൂടാതെ ഇവിടെയെത്തുന്ന പ്രവർത്തകർക്കും സാധാരണക്കാർക്കും വിശ്രമിക്കുന്നതിനായി സ്റ്റേജും കസേരകളും തിരുനക്കര മൈതാനത്ത് ഒരുക്കിയിട്ടുണ്ട്.

തിരുനക്കരയിൽ ഉമ്മൻചാണ്ടി എത്തുമ്പോൾ വികാരഭരിതമായ യാത്ര അയപ്പാകും അദ്ദേഹത്തിന് നൽകുകയെന്ന് ഉറപ്പാണ്. ഈ യാത്രയയപ്പ് കേരളം ഇതുവരെ കാണാത്ത, ഒരു നേതാവിനും ലഭിക്കാത്ത രീതിയിലുള്ള യാത്ര അയപ്പ് ആക്കാനുള്ള ഒരുക്കത്തിലാണ് കോട്ടയത്തെ കോൺഗ്രസ് പ്രവർത്തകർ.

കോൺഗ്രസിന്റെ ചരിത്രം കോട്ടയത്ത് പറയുമ്പോൾ ഒരിക്കലും ഉമ്മൻചാണ്ടിയെ ഒഴിവാക്കാൻ ആകില്ല. അത്തരമൊരു ചരിത്രമുള്ള നേതാവിനെ ഉചിതമായ വിടവാങ്ങൽ തന്നെ നൽകാനാണ് കോട്ടയം ലക്ഷ്യമിടുന്നത്. തങ്ങളുടെ പ്രിയപ്പെട്ട ഉമ്മൻചാണ്ടി ഇനി തിരിച്ചു വരില്ലെന്ന് തിരിച്ചറിയുന്ന കോട്ടയംകാർ ഇനി അദ്ദേഹത്തിന് നൽകുന്ന കേരളം ഇതുവരെ കാണാത്ത ചരിത്രപരമായ ഒരു വികാര നിർഭരമായ യാത്രയപ്പായിരിക്കുമെന്ന് ഉറപ്പാണ്.

തിരുനക്കരയിൽ ഉമ്മൻചാണ്ടിയുടെ അന്തിമ യാത്ര അയപ്പിനുള്ള ഒരുക്കങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെയും , ഡിസിസി പ്രസിഡൻറ് നാടകം സുരേഷിന്റെയും ,കോൺഗ്രസ് നേതാക്കളായ വിൽസൺ മാത്യൂസിന്റെയും , ജോഷി ഫിലിപ്പിന്റെയും അടക്കമുള്ള മുതിർന്ന നേതാക്കളുടെ നേതൃത്വത്തിലാണ് തയ്യാറാക്കുന്നത്. ഇവരെല്ലാവരും ഇന്നലെ മുതൽ തന്നെ തിരുന്നക്കരയിലും ഡിസിസിയിലും ഉമ്മൻചാണ്ടിയുടെ യാത്രയയപ്പിനുള്ള ഒരുക്കങ്ങളും വിലയിരുത്തി രാപകലോളം ഉണ്ടായിരുന്നു. ഡിസിസി ഓഫീസിൽ ഉച്ചയോടു കൂടി ഭൗതിക ദേഹം എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തിരുനക്കരയിൽ എത്തുന്ന ഭൗതിക ദേഹത്തത്തെ സ്വീകരിക്കുന്നതിന് വൻ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കനത്ത പോലീസ് സന്നാഹവും ഇതിനായി തയ്യാറെടുത്തിട്ടുണ്ട്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഡിവൈഎസ്പി മാരും അസിസ്റ്റൻറ് കമ്മീഷണർമാരും അടക്കമുള്ളവരാണ് സുരക്ഷ ചുമതലയ്ക്കായി എത്തിയിരിക്കുന്നത്. ഇതുകൂടാതെ എ ആർ ക്യാമ്പിൽ നിന്നുള്ള പ്രത്യേക ബറ്റാലിയൻ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ വി വിഘ്നേശ്വരിയുടെ നേതൃത്വത്തിൽ റവന്യൂ വിഭാഗവും മറ്റ് ഉദ്യോഗസ്ഥരും ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

കോട്ടയം നഗരത്തിൽ ഇന്നു പകലും രാത്രിയും സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഉമ്മൻചാണ്ടിക്ക് യാത്രയയപ്പ് നൽകാൻ പതിനായിരങ്ങളും ലക്ഷങ്ങളും തിരുനക്കരയിലേക്ക് ഒഴുകിയെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

Hot Topics

Related Articles