പന്തളം : സംസ്ഥാനത്തെ അംഗനവാടികളെല്ലാം ഈ സാമ്പത്തികവര്‍ഷം തന്നെ പൂര്‍ണമായും വൈദ്യുതീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുളനട ഗ്രാമപഞ്ചായത്തിലെ ഉള്ളന്നൂര്‍ ചിറ്റൊടിയിലുള്ള അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടക്കകാലത്ത് ശേഖരിച്ച കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 2500-ല്‍ അധികം വൈദ്യുതിയെത്താത്ത അംഗനവാടികള്‍ ഉണ്ടായിരുന്നു. അവയില്‍ ഏറിയ പങ്കും വനമേഖലകളുമായി ബന്ധപ്പെട്ട് സ്ഥിതി ചെയ്യുന്നതായിരുന്നു. ഇതില്‍ പരിഹാരം കാണാന്‍ വൈദ്യുത വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, വനിതാ ശിശുവികസന വകുപ്പ് എന്നിവ സംയുക്തമായി ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ഇതില്‍ 130-ല്‍ താഴെ അംഗനവാടികള്‍ മാത്രമാണ് ഇനി വൈദ്യുതീകരിക്കാനുള്ളതെന്നും പ്രവര്‍ത്തനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് അനുവദിച്ച 8,70,000 രൂപയും കുളനട ഗ്രാമപഞ്ചായത്തിന്റെ 5,80,000 രൂപയും ഉള്‍പ്പടെ 14,50,000 രൂപ മുതല്‍മുടക്കിയാണ് സെന്റര്‍ നമ്പര്‍ 21 അംഗനവാടി കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
അംഗനവാടികള്‍ കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവും വൈകാരികവുമായ വളര്‍ച്ചയില്‍ സുപ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. മാതാപിതാക്കളുടെ തണലില്‍ നിന്നും ഒരു സമൂഹത്തിലേക്ക് കുട്ടികള്‍ ആദ്യമായി ഇറങ്ങി ചെല്ലുന്നത് അംഗനവാടികളിലേക്കാണ്. ഒരു വ്യക്തിയുടെ വളര്‍ച്ചയിലെ വളരെ പ്രധാനപ്പെട്ട ഒരു സമയമാണ് അനൗപചാരിക വിദ്യാഭ്യാസത്തിന്റെ ഈ കാലഘട്ടമെന്നും മന്ത്രി പറഞ്ഞു.
കുളനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍. മോഹന്‍ദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ മുഖ്യാതിഥിയായി. പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭാ മധു, കുളനട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജി. ഗീതാദേവി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണപിള്ള, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എല്‍സി ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഐശ്വര്യ ജയചന്ദ്രന്‍, വി.ആര്‍. വിനോദ്കുമാര്‍, എം.എസ്. സന്തോഷ്, സാറാമ്മ കുഞ്ഞുകുഞ്ഞ്, പുഷ്പകുമാരി, ഷീജാ മോനച്ചന്‍, വാര്‍ഡ് അംഗം ബിജു പരമേശ്വരന്‍, ജില്ലാ വനിതാ-ശിശു വികസനവകുപ്പ് ഓഫീസര്‍ യു. അബ്ദുള്‍ ബാരി, അസിസ്റ്റന്റ് എഞ്ചിനീയര്‍ അനു ദേവ, അംഗനവാടി ലെവല്‍ മോണിറ്ററിംഗ് സപ്പോര്‍ട്ടിംഗ് കമ്മിറ്റി പ്രസിഡന്റ് സൂസന്‍ തോമസ്, ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ അനിത ദീപ്തി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എസ്.ബി. ചിത്ര, പന്തളം 2 ഐസിഡിഎസ് സിഡിപിഒ എസ്. സുമയ്യ, അംഗനവാടി ടീച്ചര്‍ കെ. ലീലാമ്മ, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.