തിരുവനനന്തപുരം : ഒരു ആദിവാസി ഗോത്ര വിഭാഗത്തിലുള്ള വനിത പ്രഥമ പൗരയായ രാജ്യത്താണ് ഗോത്ര വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ നഗ്നരായി തെരുവിലൂടെ വലിച്ചിഴയ്ക്കപ്പെടുന്നതെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സിഎസ് സുജാത.പതിനായിരക്കണക്കിന് ധീരരായ സ്ത്രീകളുടെ കൂടി പോരാട്ടത്തിന്റെ ഫലമായി നേടിയെടുത്തതാണ് ഇന്ത്യൻ സ്വാതന്ത്ര്യം. സ്വാതന്ത്ര്യത്തിന് 76 വര്‍ഷം തികയുമ്പോള്‍ രാജ്യത്തെ സ്ത്രീകളുടെ നേരെ നടക്കുന്ന പൈശാചികമായ അക്രമങ്ങളുടെ മുന്നില്‍ ഓരോ ഇന്ത്യക്കാരനും ലജ്ജിച്ചു തലതാഴ്ത്തേണ്ടി വരുന്നുവെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
മെയ് നാലിന് മണിപ്പുരില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ലോകം കണ്ടത് കഴിഞ്ഞദിവസമാണ്. ഇത്തരം നൂറുകണക്കിന് സംഭവങ്ങള്‍ അവിടെയുണ്ടായെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിങ് തന്നെ തുറന്നുപറഞ്ഞു. ഇതെല്ലാം അറിഞ്ഞിട്ടും സര്‍ക്കാര്‍ നിസ്സംഗത പാലിച്ചു. മണിപ്പുരിലെ സ്‌ത്രീകള്‍ ഏറെ ശക്തരാണ്. കുടുംബം നയിക്കുന്നവരാണ് അവര്‍. അഫ്‌സ നിയമം പിൻവലിക്കണമെന്ന ആവശ്യവുമായി പോരാടിയവരാണവര്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കലാപത്തിന്റെ പേരില്‍ നഗ്നരാക്കപ്പെട്ട് ആള്‍ക്കൂട്ടത്തിലൂടെ നടന്ന സഹോദരിമാരുടെ അവസ്ഥ നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. മാസങ്ങള്‍ക്കുമുമ്ബ് നടന്ന സംഭവത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി വാ തുറന്നത് സുപ്രീംകോടതിയുടെ വിമര്‍ശം ഉണ്ടായപ്പോള്‍ മാത്രമാണ്. മണിപ്പുര്‍ കലാപത്താല്‍ കത്തുമ്ബോള്‍, സ്‌ത്രീകള്‍ അപമാനിതരാകുമ്ബോഴൊക്കെ നമ്മുടെ പ്രധാനമന്ത്രി നാലു വിദേശരാജ്യമാണ് സന്ദര്‍ശിച്ചത്.
ഈ പ്രധാനമന്ത്രിയെ ഓര്‍ത്ത് രാജ്യത്തെ 140 കോടി ജനങ്ങളും ലജ്ജിക്കുകയാണ്. അതുപോലെതന്നെ ബിരേൻ സിങ് സര്‍ക്കാര്‍ അടിയന്തരമായി രാജിവയ്‌ക്കണം. കുക്കി സ്‌ത്രീകളോ മെയ്‌ത്തീ സ്‌ത്രീകളോ എന്നതല്ല, മറിച്ച് രാജ്യത്തെ മുഴുവൻ സ്‌ത്രീകളെയും അപമാനിച്ച സംഭവമാണ് മണിപ്പുരിലേതെന്നും സിഎസ് സുജാത് വ്യക്തമാക്കുന്നു.