തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച അവസാന അലോട്ട്മെന്റായ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ 24,218 അപേക്ഷകരില്‍ 6791 പേര്‍ക്ക് അലോട്ട്മെന്റ്.
പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍നിന്നുള്ള 20,224 അപേക്ഷകരില്‍ 4440 പേര്‍ക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. ഈ ജില്ലകളില്‍ ഇനിയും സീറ്റ് ലഭിക്കാനുള്ളത് 15,784 പേര്‍ക്ക്. ഇതില്‍ 8338 പേരും മലപ്പുറം ജില്ലയിലാണ്. ജില്ലയില്‍ ഇനി ശേഷിക്കുന്നത് 23 സീറ്റുകള്‍ മാത്രമാണ്.
പാലക്കാട് ജില്ലയില്‍ 3908 അപേക്ഷകരില്‍ 820 പേര്‍ക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. സീറ്റ് ലഭിക്കാത്ത 3088 പേര്‍ക്കായി ജില്ലയില്‍ ഇനിയുള്ളത് 145 സീറ്റുകള്‍ മാത്രം. കോഴിക്കോട് ജില്ലയില്‍ 3206 അപേക്ഷകരില്‍ 989 പേര്‍ക്കാണ് അലോട്ട്മെന്റ്. സീറ്റില്ലാതെ പുറത്തുനില്‍ക്കുന്ന 2217 പേര്‍ക്ക് ജില്ലയില്‍ ബാക്കിയുള്ളത് 64 സീറ്റുകള്‍. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റോടെ പ്ലസ് വണ്‍ പ്രവേശനത്തിനായി വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച അഞ്ച് അലോട്ട്മെന്റുകളും പൂര്‍ത്തിയായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലേക്ക് കൂടുതല്‍ താല്‍ക്കാലിക ബാച്ചുകള്‍ക്കായി വിദ്യാഭ്യാസ വകുപ്പ് ശിപാര്‍ശ ചെയ്തത് അടുത്ത മന്ത്രിസഭ യോഗം പരിഗണിച്ചേക്കും. ബാച്ചുകള്‍ അനുവദിക്കാൻ തീരുമാനിച്ചാല്‍ ഈ സീറ്റുകളിലേക്ക് ഓപ്ഷൻ സ്വീകരിച്ച് അലോട്ട്മെന്റ് നടത്തണം. രണ്ടാം സപ്ലിമെന്ററി ഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സ്കൂളില്‍ പ്രവേശനം നേടാം.