തിരുവനന്തപുരം : കെപിസിസി നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടിയുടെ അനുസ്മരണ ചടങ്ങിനെ ചൊല്ലി വിവാദം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം കേട്ട ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയനെ ചടങ്ങിലേക്ക് വിളിച്ചതെന്ന് സതീശന് വ്യക്തമാക്കി. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടാകും പക്ഷെ, തീരുമാനം എടുത്താല്‍ പിന്നെ ഒറ്റക്കെട്ടാണ്. കെപിസിസി പ്രസിഡന്റോ പ്രതിപക്ഷ നേതാവോ ഒറ്റെക്കെടുത്ത തീരുമാനമല്ല ഇതെന്നും മറുപടി പറയേണ്ടതെല്ലാം പറയേണ്ട സമയത്ത് പറയുമെന്നും സതീശന് പറഞ്ഞു. ഉമ്മൻചാണ്ടിയെ വേട്ടയാടിയ കാര്യം ജനങ്ങളുടെ മനസിലുണ്ടാകുമെന്നും രാഷ്ട്രീയ വേദികളില്‍ അത് ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഉമ്മൻചാണ്ടിയുടെ അനുസ്മരണ പരിപാടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ച നടപടിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ട്. സോളാര്‍ കേസില്‍ ഉമ്മൻചാണ്ടിയെ പിണറായി വ്യക്തിപരമായി അധിക്ഷേപിച്ചെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദ്ദം കാരണമാണ് പിണറായി വിജയനെ ക്ഷണിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ അനുസ്മരണ പരിപാടിയിലേക്ക് ക്ഷണിക്കണമെന്ന് ഉമ്മൻചാണ്ടിയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കേണ്ടെന്ന നിലപാട് സ്വീകരിച്ചിരുന്നു. പിണറായി വിജയനെതിരെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലും രംഗത്ത് എത്തിയിട്ടുണ്ട്. യുഡിഎഫിലെ ചില ഘടകകക്ഷി നേതാക്കളും പിണറായി വിജയനെ പരിപാടിയിലേക്ക് ക്ഷണിച്ചതിനെതിരെ കടുത്ത നിലപാടും എതിര്‍പ്പും രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍ എകെ ആന്റണി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ കൂടി ക്ഷണിക്കണമെന്ന നിലപാടായിരുന്നു സ്വീകരിച്ചത്. നേതൃതലത്തില്‍ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നതോടെ നേതാക്കള്‍ ഉമ്മൻചാണ്ടിയുടെ കുടുംബവുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയനെ പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടതില്ലെന്നും പരിപാടിയില്‍ പങ്കെടുപ്പിക്കണമെന്നുമായിരുന്നു ഉമ്മൻ ചാണ്ടിയുടെ കുടുംബം നിലപാടെടുത്തത്. ഇക്കാര്യം ചാണ്ടി ഉമ്മൻ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരിട്ട് മുഖ്യമന്ത്രിയെ കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിലേക്ക് ക്ഷണിച്ചത്.