തിരുവനന്തപുരം : ഉമ്മൻചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ മൈക്ക് തടസ്സപ്പെട്ട സംഭവത്തില്‍ കേസെടുത്തതില്‍ വിശദീകരണവുമായി പൊലീസ്.സംഭവത്തില്‍ ഒരു പരിശോധന മാത്രമാണ് നടക്കുന്നതെന്ന് പൊലിസ് പറയുന്നു. ഇലക്‌ട്രിക്കല്‍ ഇൻസ്പെക്റേറ്റില്‍ പരിശോധനക്കയക്കാൻ കേസെടുക്കണം. അത് കൊണ്ടാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പലതരത്തിലുളള അഭ്യൂഹങ്ങള്‍ വന്നപ്പോള്‍ പരിശോധിക്കാൻ പൊലിസ് തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് വിശദീകരിക്കുന്നു.
മൈക്ക് തകരാറായ സംഭവത്തില്‍ കേസെടുത്ത് എഫ്‌ഐആറിട്ടിരിക്കുകയാണ് പൊലീസ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പ്രതി പ്രവര്‍ത്തിച്ചുവെന്നാണ് എഫ്‌ഐആറിലുള്ളത്. എന്നാല്‍ എഫ്‌ഐആറില്‍ ആരെയും പ്രതിയാക്കിയിട്ടില്ല. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ മൈക്കില്‍ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്നമുണ്ടാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. മൈക്ക്, ആംബ്ലിഫയര്‍, വയര്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് ഇലട്രിക്കല്‍ ഇൻസ്പെക്ടറേറ്റ് പരിശോധന നടത്തും.