കുറവിലങ്ങാട് : മാനസികവും ശാരീരികവുമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥികളെ ഉയർത്തിക്കൊണ്ടുവരുവാൻ ആവശ്യമായ നിരവധി പിന്തുണാ സംവിധാനങ്ങളൊരുക്കി ദേവമാതാ കോളെജ് മാതൃകയാകുന്നു. ശാരീരിക വൈകല്യമനുഭവിക്കുന്ന കുട്ടികൾക്കായി ലിഫ്റ്റ്, വീൽ ചെയർ , എല്ലാ ബ്ലോക്കുകളിലേക്കും സുഗമമായ പ്രവേശനം സാധ്യമാക്കുന്ന റാമ്പുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.വിവിധങ്ങളായ സന്നദ്ധസംഘടനകളുടെ സഹായത്താൽ, ഭിന്ന ശേഷിയുള്ള കുട്ടികൾക്ക് വാഹന സൗകര്യമൊരുക്കാനുള്ള പദ്ധതിയും തയ്യാറായി വരുന്നു.
മാനസികവെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി മെൻ്ററിംഗ്, കൗൺസിലിംഗ് സംവിധാനങ്ങൾ എന്നിവ ഒരുക്കിയിരിക്കുന്നു. ദേവമാതയിൽ പ്രവേശനം നേടുന്ന എല്ലാ കുട്ടികൾക്കും യോഗയും പ്രാണായാമവും മെഡിറ്റേഷനുമുൾപ്പെടുന്ന അടിസ്ഥാന യോഗാ കോഴ്സ് എം. ജി. യൂണിവേഴ്സിറ്റി സെൻറർ ഫോർ യോഗാ ആൻറ് നാച്ചുറോപ്പതിയുമായി ചേർന്ന് നൽകിവരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യൂത്ത് ഫോർ ജോബ് ഫൗണ്ടേഷനുമായി ചേർന്ന് ഭിന്നശേഷി വിദ്യാർത്ഥികൾക്കായി കരിയർ ഓറിയൻ്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കുകയും ധാരണാപത്രത്തിൽ ഒപ്പിടുകയും ചെയ്തു.ഭിന്ന ശേഷിവിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സുരക്ഷിതമാക്കുന്നതിനും പരിശീലനം നൽകാനാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്.
ഭിന്നശേഷി സൗഹ്യദ സംവിധാനങ്ങൾ പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവദിച്ചു. കോളെജ് മാനേജർ ആർച്ച് പ്രീസ്റ്റ് വെരി റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയിൽ പ്രിൻസിപ്പാൾ ഡോ.സുനിൽ സി.മാത്യു ,ബർസാർ റവ.ഡോ.ജോയൽ പണ്ടാരപ്പറമ്പിൽ എന്നിവർ സംസാരിച്ചു.