പത്തനംതിട്ടയിൽ ലഹരിമരുന്നു വേട്ട; കഞ്ചാവും എം ഡി എം എയും പിടിച്ചു : മൂന്നുപേർ അറസ്റ്റിൽ

പത്തനംതിട്ട : ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ നീക്കത്തിൽ വീട് വാടകയ്ക്കെടുത്ത് കഞ്ചാവും എം ഡി എം എയും വൻ തോതിൽ സൂക്ഷിക്കുകയും വില്പന നടത്തുകയും ചെയ്തുവന്ന മൂന്നംഗസംഘത്തെ പോലീസ് സാഹസികമായി പിടികൂടി. പത്തനംതിട്ട മണ്ണാറമലയിൽ ഒറ്റപ്പെട്ട ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന 100 കിലോയിലധികം കഞ്ചാവും അര കിലോയോളം എം ഡി എം എയും പിടിച്ചെടുത്തു. അടുത്തിടെ ജില്ലയിൽ നടന്ന എറ്റവും വലിയ ലഹരി വേട്ടയാണിത്. ചെറിയ അളവിൽ വിൽക്കുകയാണെങ്കിൽ ഒരു കോടിക്ക് പുറത്ത് വില വരും.

Advertisements

തിരുവല്ല പെരുംതുരുത്തി പനച്ചയിൽ പി കെ കുര്യന്റെ മകൻ ജോയൽ എസ് കുര്യൻ (27), പത്തനംതിട്ട ആനപ്പാറ തോലിയാനക്കരയിൽ ജലാലിന്റെ മകൻ സലിം (33), പത്തനംതിട്ട മുണ്ടുകോട്ടക്കൽ ഞണ്ടുകല്ലേൽ വീട്ടിൽ നസീറിന്റെ മകൻ ഉബൈദ് അമീർ (35) എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട പോലീസും, ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്‌ക്വാഡ് ദിവസങ്ങളായി ഈ പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ രഹസ്യനിരീക്ഷണത്തിന്റെ ഫലമായാണ് ഇവരെ പിടികൂടാൻ സാധിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോയിപ്രം പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞദിവസം 4 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിലെ പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണത്തിലാണ് ഇപ്പോൾ ഇത്രയും വലിയ ലഹരിമരുന്ന് വേട്ട നടന്നിരിക്കുന്നത്. വീട്ടിനുള്ളിൽ നിന്നും പ്രതികളെ മൽപ്പിടിത്തത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. ഇത്രയുമധികം കഞ്ചാവ് എത്തിച്ചതിനു പിന്നിൽ വൻലോബി തന്നെ ഉണ്ടാവുമെന്നാണ് നിഗമനം. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുന്നു.

ജില്ലാ പോലീസ് മേധാവിയും സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ആർ ജോസും സ്ഥലത്തെത്തിയിരുന്നു.
പ്രതികൾ ഇവിടെ വൻ തോതിൽ ലഹരിവസ്തുക്കൾ ശേഖരിച്ച് ജില്ലയിലും സമീപജില്ലകളിലും വർഷങ്ങളായി മൊത്തക്കച്ചവടം ചെയ്തുവരികയായിരുന്നുവെന്നാണ് പോലീസ് നിഗമനം. സംഘത്തിൽ മറ്റ് അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ കണ്ടത്തുന്നതിനും, ലഹരി വസ്തുക്കൾ എത്തിച്ചത് എവിടെ നിന്ന് എന്ന് കണ്ടെത്തുന്നതിനും വിശദമായി അന്വേഷണം ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സ് അറിയിച്ചു. ലഹരിക്കെതിരായ ശക്തമായ നടപടി ജില്ലയിൽ തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും പരിശോധനയിൽ പങ്കെടുത്തു. പത്തനംതിട്ട പോലീസ് ഇൻസ്‌പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു.

Hot Topics

Related Articles