ദില്ലി: നഴ്സിംഗ് സേവനരംഗത്തും വിദ്യാഭ്യാസ രംഗത്തും ഗുണനിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കമ്മീഷൻ ബിൽ ലോക്സഭയിൽ പാസായി. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് രണ്ട് ബില്ലുകളും പാർലമെന്റിൽ അവതരിപ്പിച്ചത്. മന്ത്രിമാരും രംഗത്തെ വിദഗ്ധരും അടക്കം 29 പേരടങ്ങുന്ന സമിതിയുടെ കീഴിലാണ് കമ്മീഷൻ പ്രവർത്തിക്കുക.
ബിൽ നിയമമായാൽ 1947ലെ ദേശീയ നഴ്സിംഗ് കൗൺസിൽ ആക്ട് അസാധുവാകും. ബിൽ അനുസരിച്ച് നഴ്സിംഗ് പഠനത്തിനായി പൊതു പ്രവേശന പരീക്ഷയും, നഴ്സുമാർക്കും പ്രസവ ശുശ്രൂഷകർക്കും രജിസ്ട്രേഷനും നിർബന്ധമാകും. ദേശീയ ഡെന്റൽ കമ്മീഷൻ ബില്ലും ലോക്സഭയിൽ ഇന്ന് പാസായി. ദന്ത ചികിത്സാ രംഗത്ത് ഗുണനിലവാരം ഉറപ്പാക്കുന്നതിനും, പഠനചിലവ് നിയന്ത്രിക്കുകയുമാണ് ലക്ഷ്യം.