തിരുവനന്തപുരം : സ്‌കൂളുകളില്‍ അധ്യാപകരുടെ താത്കാലിക നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി .”ഇത് പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. താത്കാലിക നിയമനത്തിന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നല്‍കുന്ന ലിസ്റ്റില്‍ നിന്ന് റാങ്ക് അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ അഭിമുഖം നടത്തും. താത്കാലിക നിയമനവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതി ലഭിച്ചിട്ടില്ല. ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. “, മന്ത്രി പറഞ്ഞു.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ലഭ്യമല്ലെങ്കില്‍ മാത്രമേ മറ്റ് ഓപ്‌ഷനുകള്‍ തേടാവൂ. ഇതിന് ആദ്യം പത്രപരസ്യം നല്‍കണം. തുടര്‍ന്ന് പരിചയസമ്പന്നരായ ആളുകളെ ഉള്‍പ്പെടുത്തി ഇന്റര്‍വ്യൂ ബോര്‍ഡ് രൂപീകരിക്കണം. ഈ ഇന്റര്‍വ്യൂ ബോര്‍ഡ് ഉദ്യോഗാര്‍ത്ഥികളെ അഭിമുഖം നടത്തി പ്രസിദ്ധീകരിക്കും. കഴിവും യോഗ്യതയുമുള്ളവരെ ഉള്‍പ്പെടുത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കണം. റാങ്ക് ലിസ്റ്റ് സ്കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം മന്ത്രി പറഞ്ഞു.