തിരുവനന്തപുരം : ഏക സിവില്‍ കോഡില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കിയാല്‍ സഹകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.ഏകസിവില്‍ കോഡില്‍ കോണ്‍ഗ്രസുമായി സഹകരിക്കാൻ സിപിഎമ്മിന് മറ്റുപ്രശ്നങ്ങളില്ല. വിഷയത്തില്‍ കോണ്‍ഗ്രസിന് വ്യക്തതയില്ലാത്തതിനാലാണ് കോണ്‍ഗ്രസിനെ പരിപാടിയിലേക്ക് ക്ഷണിക്കാതിരുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന അജണ്ട ഏക സിവില്‍ കോഡ് ആയിരിക്കും. ഹിന്ദുത്വ അജണ്ട നടപ്പാക്കാനാണ് ഏക സിവില്‍ കോഡ് ഉപയോഗിക്കുന്നത്. ഏക സിവില്‍ കോഡിനെ മുസ്ലിം വിഭാഗത്തിനെതിരായി ഉപയോഗിക്കാനാണ് ശ്രമം. ഇത് മനസ്സിലാക്കിയാണ് സിപിഎം പ്രതിഷേധത്തിന് ഇറങ്ങിയത്. കോഴിക്കോട് സെമിനാര്‍ കൊണ്ട് പ്രതിഷേധം അവസാനിക്കില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.