തിരുവനന്തപുരം: ആലുവയിൽ അഞ്ചു വയസുകാരി ക്രൂരമായ് കൊല ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാത്തത് ആശ്ചര്യജനകമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 5 മാസമായി ഒരു വിഷയത്തിലും മിണ്ടാത്ത മുഖ്യമന്ത്രിക്ക് എന്ത് മന:സാക്ഷിയാണുള്ളത്. ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് പോലും ഇടാത്തത് മുഖ്യമന്ത്രിക്ക് ചേർന്ന രീതിയല്ലെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി ഏതോ ബാഹ്യ ശക്തികളുടെ പിടിയിലാണ്. മുഖ്യമന്ത്രിയുടെ മൗനം ആരെ സംരക്ഷിക്കാനാണ്?. ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ആലുവ സംഭവത്തിന്റെ മൂലകാരണം. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ പുസ്തകം പോലെയാണ്. പെൺകുട്ടിയുടെ കുടുംബത്തെ ചേർത്തുപിടിക്കാനും നീതി ഉറപ്പാക്കാനും മുഖ്യമന്ത്രി മൗനം വെടിയണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനിടെ കുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള വിവിധ പാർട്ടികളുടെ മാർച്ചുകൾ നാളെ നടക്കും. പൊലീസ് അനാസ്ഥയ്ക്കെതിരെ കോൺഗ്രസ് പൊലീസ് സ്റ്റേഷൻ മാർച്ച് പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് ഭരിക്കുന്ന നഗരസഭയുടെ വീഴ്ച്ച ആരോപിച്ചാണ് ഇടത് മുന്നണിയുടെ നഗരസഭയിലേക്കുള്ള മാർച്ച്.
കൂടാതെ, പ്രതിഷേധവുമായി ബിജെപിയും എസ്പി ഓഫീസിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ആലുവയിൽ കുട്ടിയുടെ സംസ്കാര ചടങ്ങുകളിൽ ജനപ്രതിനിധികളാരും പങ്കെടുത്തിരുന്നില്ലെന്നത് വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്.