പത്തനംതിട്ട: കോഴഞ്ചേരി പഞ്ചായത്തിലെ ഗ്രാമവാസികളെ ഭീതിയിലാഴ്ത്തി വീടിനുള്ളില്‍ രക്തമൊഴുകിയ സംഭവത്തിലെ പരിശോധനാ ഫലം എത്തി. വീടിനുള്ളില്‍ കണ്ട രക്തം ഏതോ ചെറിയ ജീവിയുടേതാണെന്ന്് പരിശോധനയില്‍ തെളിഞ്ഞു. കഴിഞ്ഞ ദിവസമാണ് കോഴഞ്ചേരി ആറാം വാര്‍ഡ് കുരങ്ങുമല പനച്ചകുഴിയില്‍ കാര്‍ത്യായനിയുടെ വീടിന്റെ തറയില്‍ രക്തം ഒഴുകുന്നത് കണ്ടെത്തിയത്. ഏതോ ജീവി മറ്റൊന്നിനെ കടിച്ചു കൊന്നപ്പോള്‍ നിലത്ത് പരന്നതാണ് രക്തം. സംഭവത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം അറിഞ്ഞതോടെ വീട്ടുകാരും നാട്ടുകാരും ആശ്വാസത്തിലാണ്.
തുണി ഉപയോഗിച്ച് തുടച്ചു മാറ്റാന്‍ ശ്രമിച്ചപ്പോള്‍ ഇത് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിച്ചുവെന്നാണ് വീട്ടുകാര്‍ പറഞ്ഞിരുന്നത്. കാലാവസ്ഥയില്‍ വന്ന വ്യതിയാനമാകാം ഇതിന് പിന്നിലെന്നും അഭ്യൂഹങ്ങളുയര്‍ന്നു. കോഴഞ്ചേരിയിലെ പരിസ്ഥിതിലോല പ്രദേശമായ കുരങ്ങുമലക്ക് സമീപമാണ് സംഭവം നടന്ന വീടെന്നത് ഈ സംശയത്തിന് ആക്കം കൂട്ടി. വീട്ടുകാര്‍ പഞ്ചായത്ത് അംഗം സുനിത ഫിലിപ്പിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി വറുഗീസ് എത്തി റവന്യൂ ,പോലീസ് അധികാരികളുമായി ബന്ധപ്പെട്ടിരുന്നു. പോലീസ് എത്തി പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ച് ലാബിലേക്ക് അയച്ചു. റവന്യൂ,ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനക്ക് എത്തിയിരുന്നു.