ഏറ്റുമാനൂർ: സ്കൂട്ടറിലിരുന്ന കുഞ്ഞിന്റെ കയ്യിൽ നിന്നും റോഡിൽ വീണ എടിഎം കാർഡും ഫോണും വീണ്ടെടുത്തു നൽകി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഏറ്റുമാനൂർ അതിരമ്പുഴ റൂട്ടിൽ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിൽ നിന്നാണ് പഴ്സും, ഫോണും താഴെ വീണത്. ഈ സ്കൂട്ടറിന് പിന്നാലെ എത്തിയ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരായ എംവിഐ ആശാകുമാർ, എ.എംവിഐ ജോർജ് വർഗീസ് എന്നിവർ ഇത് താഴെ വീണത് കണ്ടു. തുടർന്ന്, ഈ സാധനങ്ങൾ റോഡിൽ നിന്ന് എടുക്കുകയും, പിന്നാലെ വാഹനം ഓടിച്ചെത്തി ഈ സാധനങ്ങൾ കൈമാറുകയും ചെയ്യുകയായിരുന്നു. സാധനങ്ങൾ നഷ്ടമാകാതെ വീണ്ടെടുത്തു നൽകിയതിനു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് നന്ദിയും പറഞ്ഞ ശേഷമാണ് ഇവർ മടങ്ങിയത്.