പത്തനംതിട്ട :
തൊഴിലുറപ്പ് പദ്ധതിയുടെ തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി വികസന പദ്ധതികള്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന ജില്ലാ വികസന ഏകോപന നിരീക്ഷണ സമിതി (ദിഷാ) യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എംപി.
സാധാരണക്കാരെ കൂടുതലായി പങ്കെടുപ്പിക്കുന്ന തരത്തില്‍ തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കണം. തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ആസ്തി നിര്‍മാണത്തിനും വികസനത്തിനും ഉതകുന്ന തരത്തില്‍ തൊഴിലവസരങ്ങള്‍ വൈവിധ്യവത്കരിച്ച് നടപ്പാക്കണം. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാര്‍ അതത് പഞ്ചായത്തുകളില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തണം. വിനോദസഞ്ചാരികളും തീര്‍ഥാടകരും ഏറെ എത്തുന്ന ജില്ലയില്‍, ടേക് എ ബ്രേക്ക് സംരംഭങ്ങള്‍ പരാമവധി സ്ഥലങ്ങളില്‍ സജ്ജമാക്കേണ്ടത് അനിവാര്യമാണെന്നും എംപി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമസ്വരാജില്‍ അധിഷ്ഠിതമായ മാതൃകാ ഗ്രാമപഞ്ചായത്തുകളായി മാറ്റുന്നതിന് കോന്നി, നിരണം ഗ്രാമപഞ്ചായത്തുകളെ തിരഞ്ഞെടുത്തു.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ശുചിത്വ മിഷനുമായി ചേര്‍ന്ന് കമ്മ്യുണിറ്റി കമ്പോസ്റ്റ് പിറ്റ് നിര്‍മാണം പോലെയുള്ള പ്രവര്‍ത്തികള്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി ചെയ്യണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അത് ഉറപ്പു വരുത്തണമെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. യോഗത്തില്‍ തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദീന്‍, പത്തനംതിട്ട ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് പ്രൊജക്റ്റ് ഡയറക്ടര്‍ കെ. ജി ബാബു, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.