തിരുവനന്തപുരം : കേരളം മുഴുവൻ ലഹരി വ്യാപിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം വസ്തുതാവിരുദ്ധമെന്ന് ചൂണ്ടിക്കാണിച്ച് മന്ത്രി എം ബി രാജേഷ്.കേരളത്തിലെ മദ്യ ഉപഭോഗം ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്നും കേരളത്തിലെ മദ്യ ഉപഭോഗം 12.4 ശതമാനമാണെന്നും ദേശീയ ശരാശരിയെക്കാള്‍ കുറവാണെന്നും മന്ത്രി കണക്കുകള്‍ പ്രകാരം വ്യക്തമാക്കി. അതുപോലെ മദ്യപാനവും യുഡിഎഫ് കാലത്തെ അപേക്ഷിച്ച് എല്‍ഡി എഫ് ഭരണത്തിൻ കീഴില്‍ കുറവാണെന്നും മന്ത്രി വ്യക്തമാക്കി.ഫേസ്ബുക്കിലൂടെയാണ് എം ബി രാജേഷ് ഇക്കാര്യം കണക്കുകള്‍ ഉള്‍പ്പടെ പങ്കുവെച്ചത്.
മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം
നുരയുന്ന നുണ ലഹരിയും ചില വസ്തുതകളും
കേരളം മുഴുവൻ ലഹരി വ്യാപിക്കുകയാണ് എന്നും, ജനങ്ങളില്‍ ഭൂരിഭാഗവും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ് എന്നുമുള്ള മട്ടില്‍ പ്രതിപക്ഷം അപകീര്‍ത്തികരവും വസ്തുതാവിരുദ്ധവുമായ പ്രചാരണം നടത്തിവരികയാണല്ലോ. കേരളത്തിന്റെ വരുമാനം മദ്യത്തെ ആശ്രയിച്ചാണ് എന്ന നുണയും ഏറെ കാലമായി കേള്‍ക്കുന്നതാണ്. ചില വസ്തുകള്‍ നമുക്കൊന്ന് നോക്കാം.
- മദ്യ ഉപഭോഗത്തിന്റെ ദേശീയ ശരാശരി 14.6 ശതമാനമാണ്. കേരളത്തിലെ മദ്യ ഉപഭോഗം 12.4%, അതായത് ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. ഇനി മദ്യ ഉപഭോഗത്തിന്റെ ദേശീയ ശരാശരിയില്‍ മുൻപില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. ഛത്തീസ് ഗഡ് 35.6%, ത്രിപുര 34.7%,പഞ്ചാബ് 28.5% ഇങ്ങനെ നീളുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഛത്തീസ് ഗഡിലെ ജനസംഖ്യയില്‍ മദ്യപിക്കുന്നവരുടെ അനുപാതം കേരളത്തിന്റെ ഏതാണ്ട് മൂന്നിരട്ടിയാണ്. കേരളം മദ്യപിക്കുന്ന ശീലത്തില്‍ ഇരുപത്തിയൊന്നാം സ്ഥാനത്താണ്. മദ്യപാനശീലത്തില്‍ ഒന്നാമതുള്ള ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ മദ്യമൊഴുക്കുകയാണ് എന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പറയുമോ? (source- Magnitude of Substance use in India 2019)
- മയക്കുമരുന്ന് ഉപഭോഗത്തിന്റെ കണക്കും ഇതുപോലെ തന്നെയാണ്. കഞ്ചാവ് ഉപയോഗിക്കുന്നവരുടെ ദേശീയ ശരാശരി 1.2 ശതമാനമാണ്. കേരളത്തിലിത് 0.1%.കഞ്ചാവായാലും സിന്തറ്റിക് മയക്കുമരുന്നായാലും ഉപയോഗത്തില്‍ അവസാന മൂന്ന് സ്ഥാനങ്ങളിലാണ് കേരളത്തിന്റെ സ്ഥാനം (source- Magnitude of Substance use in India 2019)
- ചില്ലറ മദ്യ വില്‍പ്പന ശാലകളുടെ എണ്ണം കേരളത്തിന്റെ അയല്‍സംസ്ഥാനങ്ങളുടെ എണ്ണവുമായി ഒന്ന് താരതമ്യം ചെയ്യാം. കേരളത്തില്‍ ബെവ്കോ-കണ്‍സ്യൂമര്‍ഫെഡ് ഔട്ട് ലറ്റുകള്‍ 309, തമിഴ്നാട്ടില്‍ 5329, ഇതില്‍ 500 എണ്ണം പൂട്ടാൻ പോകുന്നു. കര്‍ണാടകയില്‍ 3980. കേരളത്തിന്റെ 17 ഇരട്ടി വരും തമിഴ്നാട്ടിലേത്. കര്‍ണാടകയില്‍ 13 ഇരട്ടിയാണ് ചില്ലറ വില്‍പ്പന ശാലകളുടെ എണ്ണം.
ജനസംഖ്യ കൂടി കണക്കിലെടുക്കണമെന്ന വിതണ്ഡവാദം ഉയര്‍ന്നേക്കാം. കേരളത്തിന്റെ 16 ഇരട്ടിയും 13 ഇരട്ടിയും ജനസംഖ്യ തമിഴ്നാട്ടിലും കര്‍ണാടകയിലും ഏതായാലും ഇല്ലല്ലോ? കേരളത്തില്‍ ഔട്ട് ലറ്റുകളുടെ എണ്ണം ഒരു ലക്ഷം പേര്‍ക്ക് ഒന്ന് എന്ന നിലയിലാണെങ്കില്‍, തമിഴ്നാട്ടിലിത് 13000 പേര്‍ക്ക് ഒന്ന്, കര്‍ണാടകയില്‍ 17000 പേര്‍ക്ക് ഒന്നുമാണ് എന്ന കാര്യവും ഓര്‍ക്കണം.
- ഇനി കേരളത്തിലെ മദ്യപാനം കൂടി വരുകയാണോ എന്ന് പരിശോധിക്കാം. പത്ത് വര്‍ഷം മുൻപ് യുഡിഎഫ് കാലത്ത് 2012-13ല്‍ കേരളത്തില്‍ വിറ്റത് 244.33 ലക്ഷം കെയ്സ് വിദേശമദ്യമായിരുന്നു. ഇക്കഴിഞ്ഞ വര്‍ഷം 2022-23ല്‍ കേരളത്തില്‍ വിറ്റതോ, 224.34 ലക്ഷം ലിറ്റര്‍ മാത്രം. അതായത് 19.99 ലക്ഷം കെയ്സ് അഥവാ 179.91 ലക്ഷം ലിറ്ററിന്റെ കുറവാണ് പത്ത് വര്‍ഷം കൊണ്ട് കേരളത്തിലുണ്ടായത്. 8.1ശതമാനം കുറവ് 10 വര്‍ഷം കൊണ്ട് രേഖപ്പെടുത്തി. ഒരു വര്‍ഷത്തെ മാത്രം കണക്കല്ല ഇത്. 2011-12 മുതല്‍ 2015-16 വരെയുളള യുഡിഎഫ് കാലത്ത് ഇന്ത്യൻ നിര്‍മ്മിത വിദേശ മദ്യത്തിന്റെ ആകെ വില്‍പ്പന, 1149 ലക്ഷം കെയ്സാണ്.
എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് (2016-17 -2020-21) ഇന്ത്യൻ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില്‍പ്പന 1036 ലക്ഷം കെയ്സ്. 112 ലക്ഷം കെയ്സിന്റെ കുറവ് (9.79%), അതായത് 1072 ലക്ഷം ലിറ്റര്‍
- അടുത്തതായി വരുമാനത്തിന്റെ കാര്യം. കേരളത്തിന്റെ തനത് വരുമാന സ്രോതസുകളില്‍ ഏറ്റവും കുറഞ്ഞത് എക്സൈസ് വരുമാനമാണ്. സംസ്ഥാന ആഭ്യന്തര ഉദ്പാദനത്തിന്റെ 0.3% മാത്രം. ഏറ്റവും ഉയര്‍ന്ന എക്സൈസ് വരുമാനം ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിന്റേതാണ് 2.4%. പിന്നെ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയും ആംആദ്മി പാര്‍ട്ടി ഭരിക്കുന്ന പഞ്ചാബും. എക്സൈസ് വരുമാനത്തില്‍ കേരളം ഇരുപത്തി മൂന്നാം സ്ഥാനത്താണ്. അതായത് മദ്യത്തില്‍ നിന്നുള്ള വരുമാനത്തില്‍ ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം (source- State budget documents PRS)
- മദ്യത്തിന് എക്സൈസ് ടാക്സ് മാത്രമല്ല വില്‍പ്പന നികുതിയുമുണ്ട് എന്നത് ശരിയാണ്. അതുകൂടി ചേര്‍ത്താലും മദ്യത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ലഭിച്ച വരുമാനം കേരളത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ 13.4% മാത്രമാണ്. കേരളത്തിന്റെ മുഖ്യവരുമാനം മദ്യത്തില്‍ നിന്നല്ല എന്ന് വ്യക്തം.
വലിയവായില്‍ മദ്യവിരുദ്ധ പ്രസംഗം നടത്തുന്ന യുഡിഎഫിന്റെ ഭരണകാലത്ത് 2012-13ല്‍ മദ്യത്തില്‍ നിന്നുള്ള വരുമാനം 18.21 ശതമായിരുന്നു. അവിടെ നിന്നാണ് മദ്യവരുമാനത്തിന്റെ ശതമാനം ഇപ്പോള്‍ 13.4%മായി കുറയുന്നത്. മദ്യ ഉപഭോഗവും മദ്യത്തില്‍ നിന്നുള്ള വരുമാനത്തിന്റെ ശതമാനവും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേതില്‍ നിന്ന് ക്രമാനുഗതമായി കുറയ്ക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് കാണാം. കേരളം മദ്യവരുമാനത്തെ ആശ്രയിക്കുന്നത് കുറഞ്ഞുവരുന്നു എന്നും ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതാണ് വസ്തുത എന്നിരിക്കെയാണ് കേരളത്തില്‍ മദ്യവും മയക്കുമരുന്നും സുലഭമാണ് എന്നും കേരളത്തിന്റെ വരുമാനം മദ്യത്തെ ആശ്രയിച്ചാണ് എന്നെല്ലാമുള്ള പതഞ്ഞുയരുന്ന നുണകള്‍ പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. ദേവസ്വം വരുമാനം മുഴുവൻ സര്‍ക്കാര്‍ കയ്യടക്കുന്നുവെന്ന പൊളിഞ്ഞ നുണപ്രചാരണത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇക്കാര്യത്തിലും നടക്കുന്ന പ്രചാരണം.