ആലപ്പുഴ: 69-ാമത് നെഹ്റു ട്രോഫി വള്ളം കളി മത്സരത്തിന് പുന്നമടക്കായലിൽ തുടക്കം. ഉച്ചക്ക് രണ്ട് മണിക്ക് നടന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പകരം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങുകൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിച്ചേരുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് അദ്ദേഹം സഞ്ചരിച്ച ഹെലികോപ്ടർ ലാൻറ് ചെയ്യാൻ സാധിച്ചില്ല. തുടർന്നാണ് മന്ത്രി സജി ചെറിയാൻ വള്ളംകളി മത്സരങ്ങൾക്ക് ആരംഭംകുറിച്ച് പതാക ഉയർത്തിയത്.
മന്ത്രിമാരായ വി അബ്ദുറഹിമാൻ, കെ രാജൻ, വീണാ ജോര്‍ജ്, എംബി രാജേഷ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, സതേണ്‍ എയര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജില്ലയിലെ എംപിമാർ, എംഎൽഎമാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്തൊന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫി ജലമേളയില്‍ പങ്കെടുക്കുന്നത്. ചുണ്ടന്‍ വള്ളങ്ങളുടെ ആവേശപ്പോരില്‍ അഞ്ച് ഹീറ്റ്സുകളില്‍ ഏറ്റവും കുറഞ്ഞ വേഗം കണ്ടെത്തുന്ന നാലെണ്ണമാണ് കലാശപ്പോരിനിറങ്ങുക. ചുരുളൻ – മൂന്ന്, ഇരുട്ടുകുത്തി എ ഗ്രേഡ് -നാല്, ഇരുട്ടുകുത്തി ബി ഗ്രേഡ് -15, ഇരുട്ടുകുത്തി സി ഗ്രേഡ് -13, വെപ്പ് എ ഗ്രേഡ് -ഏഴ്, വെപ്പ് ബി ഗ്രേഡ് -നാല്, തെക്കനോടി തറ -മൂന്ന്, തെക്കനോടി കെട്ട് – നാല് എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.
ഒരു മാസത്തെ പരിശീലനവും അവസാനവട്ട ഒരുക്കങ്ങളും പൂർത്തീകരിച്ചാണ് വിവിധ ബോട്ട് ക്ലബുകളും തുഴച്ചിലുകാരും മത്സരത്തിനായി എത്തിയത്.