കൊച്ചി: ഇത്തവണത്തെ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. ഇതോടെ സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്ക് തുടക്കമായി. ഒരുമയുടെ സന്തോഷം ഉൾക്കൊണ്ട് ഒറ്റമനസ്സായി ആഘോഷിക്കാൻ ആഹ്വാനം ചെയ്തും ആശംസകൾ നേർന്നുമാണ് മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. നടൻ മമ്മൂട്ടി അത്തം ഘോഷയാത്രയ്ക്ക് മുഖ്യാതിഥിയായി. മന്ത്രി പി രാജീവ് അത്തം പതാക ഉയർത്തി.
രാവിലെ 10 മണി മുതൽ സിയോൺ ഓഡിറ്റോറിയത്തിൽ പൂക്കളമത്സരം ആരംഭിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിയോടെ പൂക്കള പ്രദശനവും നടക്കും. 10 ദിവസം നീണ്ടുനിൽക്കുന്ന സാംസ്കാരിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഹരിത പ്രോട്ടോകോൾ കർശനമായി പാലിച്ചാണ് ഘോഷയാത്ര നടത്തുന്നത്. ഇതിനായി ഹരിതകർമ്മസേന, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻഎസ്എസ് വളണ്ടിയർമാർ, നഗരസഭാ ജീവനക്കാർ, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ പ്രതിനിധികൾ എന്നിവർ സജ്ജമാണ്.