കുട്ടനാട്ടിൽ ബോട്ടിൽ നിന്ന് കാൽവഴുതി ആറ്റിൽ വീണ് യുവാവിനെ കാണാതായി: കാണാതായത് ചങ്ങനാശേരി തുരുത്തി സ്വദേശിയെ

ആലപ്പുഴ : കുട്ടനാട്ടിൽ ബോട്ടിൽ നിന്ന് കാൽവഴുതി ആറ്റിൽ വീണ് യുവാവിനെ കാണാതായി. വിനോദയാത്രയ്ക്കിടെ ബോട്ടിൽ നിന്നും കാൽവഴുതി ആറ്റിൽ വീണ യുവാവിനെ കാണാതായി. ചങ്ങനാശേരി തുരുത്തി സ്വദേശി വാലുപറമ്പിൽ വീട്ടിൽ സനീഷിനെ (41) യാണ് കാണാതായത്. വൈകിട്ട് നാലരയോടെ ആറായിരം കായലിനു സമീപത്താണ് സംഭവം നടന്നത്. 

Advertisements

കാവാലം ജങ്കാർ കടവിനു സമീപത്തുനിന്നുമാണ് ഏഴംഗ സംഘം മോട്ടോർ ബോട്ടിൽ കായലിൽ വിനോദയാത്രയ്ക്കു പോയത്.  തിരികെ വരുന്നതിനിടെ സംഭവസ്ഥലത്തെത്തിയപ്പോൾ സനീഷ് കാൽവഴുതി ആറ്റിലേക്കു വീഴുകയായിരുന്നു. വീഴുന്നതിനിടെ രക്ഷപെടുന്നതിനായി ഒപ്പമുണ്ടായിരുന്നയാളെ  കയറിപ്പിടിക്കുകയും ഇരുവരും ആറ്റിലേക്കു വീഴുകയുമായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവരെ രക്ഷിക്കാനായി കൂടെയുണ്ടായിരുന്ന മറ്റൊരാളും വെള്ളത്തിലേക്കു ചാടി. ബോട്ടിൽ നിന്നും ലൈഫ് ജാക്കറ്റുകൾ എറിഞ്ഞുകൊടുത്തെങ്കിലും ശക്തമായ കാറ്റിനെത്തുടർന്ന് ലൈഫ് ജാക്കറ്റ് ഒഴുകി മാറുകയും സനീഷ് വെള്ളത്തിൽ മുങ്ങിത്താഴുകയുമായിരുന്നു. സമീപത്തെ താമസക്കാർ വള്ളത്തിലെത്തി മറ്റു രണ്ടുപേരെയും രക്ഷപെടുത്തി. കുവൈറ്റിൽ നിന്നും അവധിക്കു നാട്ടിലെത്തിയ സനീഷ് അടുത്ത ദിവസം മടങ്ങിപ്പോകാനിരിക്കെയാണ് അപകടം നടന്നത്.കൈനടി പോലീസും ചങ്ങനാശേരി ഫയർഫോഴ്‌സും സ്ഥലത്തെത്തി ഏഴരവരെ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാവിലെ വീണ്ടും തിരച്ചിൽ തുടരും.

Hot Topics

Related Articles