ദില്ലി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കി. ഇതനുസരിച്ച് ബോർഡ് പരീക്ഷകൾ വർഷത്തിൽ ഇനി രണ്ട് തവണയാണ് നടത്തുക. പരീക്ഷകളില്‍ ലഭിക്കുന്ന ഉയർന്ന സ്കോർ ആയിരിക്കും പരിഗണിക്കപ്പെടുക. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് ആണ് ബുധനാഴ്ച പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കിയത്.
2024-ലെ അക്കാദമിക വര്‍ഷം മുതല്‍ ഇത് പ്രാവര്‍ത്തികമാകും. വിദ്യാർത്ഥികൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ മതിയായ സമയവും അവസരവും ഉണ്ടെന്ന് ഉറപ്പാക്കാനാണ് വർഷത്തിൽ രണ്ട് തവണയെങ്കിലും ബോർഡ് പരീക്ഷകൾ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമാണെന്ന് ഉറപ്പാക്കിക്കൊണ്ടാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പാഠ്യപദ്ധതി ചട്ടക്കൂട്ട് തയാറാക്കിയിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂടാതെ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിൽ രണ്ട് ഭാഷകള്‍ പഠിക്കുന്നുവെന്ന് ഉറപ്പാക്കും. അതിൽ ഒന്ന് ഇന്ത്യൻ ഭാഷയായിരിക്കണം. ഈ സമീപനം ഭാഷാപരമായ വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഒപ്പം രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരത്തെ അടുത്തറിയാനും സഹായിക്കും.
മാസങ്ങളോളം നീണ്ടുനിൽക്കുന്ന പരിശ്രമങ്ങള്‍ കൊണ്ട് മനഃപാഠമാക്കുകയും കാണാപാഠം പഠിക്കുകയും ചെയ്യുന്നതിന് പകരം വിദ്യാർത്ഥികളുടെ ധാരണയും കഴിവും വിലയിരുത്തുന്നതിനാണ് പുതിയ ചട്ടക്കൂട്ട് ലക്ഷ്യമിടുന്നത്. ഇത് വിലയിരുത്തുന്നതിനാകും പൊതു പരീക്ഷകള്‍ നടത്തുന്നത് വിദ്യാർത്ഥി കേന്ദ്രീകൃതമായ ഈ സമീപനം വിവിധ വിഷയങ്ങളില്‍ ആഴത്തിലുള്ള ധാരണയുണ്ടാക്കുന്നതിനൊപ്പം പ്രായോഗിക വൈദഗ്ധ്യവും കൂടുതലായി നേടാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍.