ചെന്നൈ : മലയാളികള്‍ക്ക് ഓണം ആശംസകളുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. മലയാളത്തിലാണ് സ്റ്റാലിന്റെ ഓണാശംസകള്‍. ‘മാവേലിയുടെ നാട് പോലെ ഒരുമയും സമത്വവും വീണ്ടും ഉണ്ടാവണം. എല്ലാവരെയും ഒരു പോലെ കാണുന്ന കേന്ദ്ര സര്‍ക്കാര്‍ വരണം. നമുക്ക് ഒന്നിച്ച് നില്ക്കാം. പ്രിയപ്പെട്ട മലയാളികള്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍.’-സ്റ്റാലിന് പറഞ്ഞു.
ഇതിനിടെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും മലയാളികള്‍ക്ക് എല്ലാവര്ക്കും ഓണാശംസകള്‍ നേര്‍ന്നു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകം കൂടിയാണ് ഓണമെന്ന് രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു. ജാതി മത വ്യത്യാസങ്ങള്‍ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഓണം സാമൂഹ്യ സൗഹാര്‍ദ്ദത്തിന്റെ ഉത്സവം കൂടിയാണ്. സാഹോദര്യം പടരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും മലയാളികൾക്ക് ഓണാശംസകൾ അറിയിച്ചിരുന്നു. സമഭാവനയുടെ സന്ദേശമാണ് ഓണം പകർന്നു നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമത്വസുന്ദരവും ഐശ്വര്യപൂർണ്ണവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്നാണ് ഓണസങ്കൽപം നമുക്ക് പറഞ്ഞുതരുന്നത്. മനുഷ്യരെല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന അറിവ് അത്തരം ഒരു കാലത്തെ പുനഃസൃഷ്ടിക്കാനുള്ള പോരാട്ടങ്ങൾക്ക് വലിയ പ്രചോദനമാണ് നൽകുകയെന്നും അദ്ദേഹം പറഞ്ഞു.
പരിമിതിക്കുള്ളിൽ നിന്നു കൊണ്ടാണെങ്കിലും ഓണം ഐശ്വര്യ പൂർണമാക്കാൻ വേണ്ടതൊക്കെ ചെയ്തുവെന്നും ക്ഷേമ പെൻഷൻ മുതൽ ന്യായ വിലക്കുള്ള പൊതു വിതരണംവരെ ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി തന്റെ ആശംസയിൽ അറിയിച്ചു. ഐശ്വര്യ – വികസനത്തിന്റെ ആഘോഷമാകട്ടെ ഓണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.