കോട്ടയം: യുവാക്കളുടെ സംഘം ഓണം ആഘോഷിക്കുമ്പോൾ കയ്യിൽ കത്തി കരുതേണ്ടത് എന്തിന്..! ഓണാഘോഷങ്ങൾക്കിടെയുണ്ടായ തർക്കം കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിക്കുമ്പോൾ, 23 കാരന്റെ ജീവനാണ് എടുത്തത്. ഓണാഘോഷത്തിന് യുവാക്കൾ ഒത്തു കൂടുമ്പോൾ എന്തിനാണ് കൂട്ടത്തിലൊരാൾ കത്തി കരുതിയതെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. നീണ്ടൂർ സ്വദേശിയായ അശ്വൻ നാരായണൻ എന്ന 23 കാരനാണ് കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കത്തിക്കുത്തിൽ പിടഞ്ഞു വീണ് മരിച്ചത്.
ഓണാഘോഷങ്ങൾക്കായി യുവാക്കൾ ഒത്തു ചേരുന്നതും, മദ്യപിക്കുന്നതും കേരളത്തിൽ ഇന്ന് പതിവ് കാഴ്ചയാണ്. ഇന്നലെ കത്തിക്കുത്തുണ്ടായ സ്ഥലത്ത് യുവാക്കളുടെ ലഹരി മാഫിയ സംഘങ്ങൾ തമ്പടിക്കുന്നതും ലഹരി ഉപയോഗിക്കുന്നതും പതിവാണ് എന്നാണ് ഇപ്പോൾ നാട്ടുകാർ പറയുന്നത്. ഈ സ്ഥലത്താണ് 23 കാരനെ ഇപ്പോൾ കുത്തി വീഴ്ത്തിയതും. ഓണത്തിന്റെ ഭാഗമായി ഒന്നിച്ചിരുന്ന് മദ്യപിച്ച യുവാക്കളുടെ സംഘങ്ങൾ തമ്മിലുണ്ടായ ചെറിയ വാക്ക് തർക്കമാണ് ഇത്രയും കൊടും ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുവാക്കൾ കയ്യിൽ ആയുധം കരുതി നടക്കുന്നിടത്തോളം അരക്ഷിതമായോ കേരളം എന്ന ചോദ്യമാണ് ഉയരുന്നത്. 23 കാരൻ കൊല്ലപ്പെടാൻ ഇടയാക്കുമ്പോൾ ഒപ്പമുണ്ടാകുക സ്വാഭാവികമായും ഇതേ പ്രായത്തിലുള്ളവർ തന്നെയാകും. ഈ സാഹചര്യത്തിൽ ഇവരിൽ ഒരാൾ കയ്യിൽ കത്തി കരുതി എന്നത് ഏറെ ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരത്തിൽ ലഹരിയുടെ ആധിക്യത്തിൽ കയ്യിൽ ആയുധവുമായി യുവാക്കളുടെ സംഘം നടക്കുന്നത് നാടിന് തന്നെ ഭീഷണിയാണ്. തോളിൽ കയ്യിട്ട് നടക്കുന്ന സ്വന്തം സുഹൃത്തിനെ കൊലപ്പെടുത്താൻ മടിയില്ലാത്തവൻ നാളെ വാക്കു തർക്കത്തിന്റെ പേരിൽ റോഡിലിറങ്ങി മറ്റൊരാളെ കുത്തിക്കൊന്നാൽ പോലും നമുക്ക് നോക്കി നിൽക്കേണ്ടി വരും.
കൊലക്കേസിൽ ജയിലിൽ പോകേണ്ടി വരുന്ന ഈ കൊച്ചു പയ്യൻ ജയിലിൽ നിന്നും പുറത്തിറങ്ങുന്നത് പൂർണ ക്രിമിനലായായാവും. ഈ കൊലക്കേസിന്റെ പേരിലാവും ഇനി ഇവൻ ഗുണ്ടയായി അറിയപ്പെടുക. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു കൊലക്കേസിൽ പെട്ടു പോയ പ്രതിയെ രക്ഷിച്ചെടുക്കാൻ വേണ്ട നിയമസംവിധാനമാകണം ഇവിടെ ഉണ്ടാകേണ്ടത്. അല്ലാതെ കൊലക്കേസ് പ്രതിയായ ആളെ കൊടും ക്രിമിനലാക്കി മാറ്റുന്ന സംവിധാനമല്ല.