ദില്ലി: രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ ചാന്ദ്രയാൻ 3 റോവർ പകർത്തിയ ലാൻഡറിന്‍റെ ചിത്രം പുറത്ത്. ചന്ദ്രോപരിതലത്തിൽ ലാൻഡർ സുരക്ഷിതമായി ഇരിക്കുന്നതും ലാൻഡറിലെ രണ്ട് പ്രധാന ഉപകരണങ്ങളായ ചാസ്റ്റേയും ഇൽസയും പ്രവർത്തന സജ്ജമായി ചന്ദ്രോപരിതലം തൊട്ട് നിൽക്കുന്നതും ചിത്രമാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്. ആഗസ്റ്റ് 30ന് രാവിലെ 7.35നാണ് റോവറിലെ
നാവിഗേഷൻ ക്യാമറ ലാൻഡറിന്‍റെ ചിത്രം പകർത്തിയത്.
ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് റോവറിലെ ക്യാമറകൾക്ക് എടുക്കാൻ കഴിയുക. ഐഎസ്ആർഒയുടെ ലബോറട്ടറി ഫോർ ഇലക്ട്രോ ഒപ്ടിക് സിസ്റ്റംസാണ് ഈ ക്യാമറകൾ വികസിപ്പിച്ചത്. അതേ സമയം, ചന്ദ്രോപരിതലത്തിലൂടെയുള്ള റോവറിന്‍റെ സഞ്ചാരം തുടരുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസം ചന്ദ്രോപരിതലത്തിൽ സൾഫറിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. സൾഫറിന് പുറമെ അലുമിനിയം, കാൽസ്യം, ക്രോമിയം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി സ്ഥിരീകരിക്കുന്നത്.
കഴിഞ്ഞ ദിവസം ചന്ദ്രയാൻ മൂന്ന് പ്രഗ്യാൻ റോവറിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ ഇസ്രൊ പുറത്തുവിട്ടിരുന്നു. റോവറിലെ നാവിഗേഷൻ ക്യാമറ പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ആഗസ്റ്റ് 27നാണ് ചിത്രങ്ങൾ എടുത്തത്. ചന്ദ്രോപരിതലത്തിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടെ റോവറിന്റെ മുന്നിൽ നാല് മീറ്റർ വ്യാസമുള്ള ഗർത്തം വന്നു.
ഈ ഗർത്തം ഒഴിവാക്കാൻ പേടകത്തെ പിന്നോട്ട് നീക്കേണ്ടി വന്നു. ഗർത്തത്തിന്റെയും പിന്നോട്ട് നീങ്ങിയപ്പോൾ റോവറിന്‍റെ ചക്രങ്ങൾ ചന്ദ്രോപരിതലത്തിലുണ്ടാക്കിയ പാടുകളുടെയും ചിത്രമാണ് പുറത്തുവിട്ടത്.