മോദി കള്ളം പറയുകയാണ് , അത് വലിയ തെറ്റാണ് : മോദിയ്ക്കെതിരെ തുറന്നടിച്ചു സുബ്രഹ്മണ്യൻ സ്വാമി 

ഡല്‍ഹി: അരുണാചല്‍ പ്രദേശും അക്സായി ചിന്നും ഉള്‍പ്പെടുത്തി 2023ലെ ഔദ്യോഗിക ഭൂപടം പുറത്തിറക്കിയ ചൈനയുടെ നടപടിയില്‍ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി ബിജെപി നേതാവും മുൻ കേന്ദ്രന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമി. മോദി കള്ളം പറയുകയാണെന്നും അത് വലിയ തെറ്റാണെന്നും സുബ്രഹ്മണ്യൻ സ്വാമി തുറന്നടിച്ചു. ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കാൻ കഴിയില്ലെങ്കില്‍ സ്ഥാനമൊഴിയണമെന്നും സ്വാമി ആവശ്യപ്പെട്ടു.

Advertisements

‘2020ല്‍ ചൈന എല്‍എസി (ലൈൻ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) കടന്നിട്ടില്ലെന്നും ഇന്ത്യയുടെ പ്രദേശം പിടിച്ചെടുത്തിട്ടില്ലെന്നും പറഞ്ഞ് മോദി ഇന്ത്യൻ ജനതയെ പരിഹസിച്ചു. മോദിയുടെ ഈ നുണ വലിയ തെറ്റാണ്. അടുത്തയാഴ്ച ഇന്ത്യയില്‍ നടക്കുന്ന ജി20 മീറ്റില്‍ ഷി ജിൻ പിങ്ങിന് മുന്നില്‍ മോദി കുമ്ബിടുന്നത് നമുക്ക് കാണാം’- അദ്ദേഹം തന്റെ എക്സ് (ട്വിറ്റര്‍) ഹാൻഡിലില്‍ കുറിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റൊരു പോസ്റ്റില്‍, ഭാരതമാതാവിന്റെ അഖണ്ഡത സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കില്‍ മാറിനില്‍ക്കണമെന്നും വിരമിക്കണമെന്നും സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു. നുണകള്‍ കൊണ്ട് ഹിന്ദുസ്ഥാനെ സംരക്ഷിക്കാനാവില്ലെന്നും സ്വാമി വ്യക്തമാക്കി. നിരവധി തവണ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു രംഗത്തെത്തിയിട്ടുള്ള ബിജെപി നേതാവാണ് സുബ്രഹ്മണ്യൻ സ്വാമി.

അരുണാചല്‍ പ്രദേശും അക്സായി ചിന്നും ഉള്‍പ്പെടുത്തി ചൈനീസ് പ്രകൃതിവിഭവ മന്ത്രാലയമാണ് പുതിയ ഭൂപടം പുറത്തിറക്കിയത്. തിങ്കളാഴ്ച പുറത്തിറക്കിയ ഭൂപടത്തില്‍, ദക്ഷിണ ടിബറ്റ് എന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചല്‍ പ്രദേശ്, 1962ലെ ഇന്ത്യ- ചൈന യുദ്ധത്തില്‍ പിടിച്ചെടുത്ത അക്‌സായ് ചിൻ എന്നിവ തങ്ങളുടെ പ്രദേശമായി ചൈന ഈ ഭൂപടത്തിലൂടെ അവകാശപ്പെടുന്നത്.

ഷെജിയാങ് പ്രവിശ്യയിലെ ഡെക്കിങ് കൗണ്ടിയില്‍ നടന്ന സര്‍വേയിങ് ആൻഡ് മാപ്പിങ് പബ്ലിസിറ്റി ഡേയുടെയും ദേശീയ മാപ്പിങ് ബോധവല്‍ക്കരണ പബ്ലിസിറ്റി വാരാഘോഷവേളയില്‍ ആയിരുന്നു ഭൂപടം പുറത്തിറക്കിയത്. ദക്ഷിണ ചൈനാ കടലിന്റെ വലിയൊരു ഭാഗവും ദക്ഷിണ ചൈനാ കടലില്‍ തയ്‌വാൻ അവകാശവാദമുന്നയിക്കുന്ന മേഖലയും പുതിയ ഭൂപടത്തില്‍ ചൈനീസ് പ്രദേശമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ചൈനയുടെ മാപ്പിന് പിന്നാലെ അതിര്‍ത്തിക്കടുത്ത നിര്‍മാണങ്ങളും കേന്ദ്രത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇന്ത്യൻ അതിര്‍ത്തിയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. അതിര്‍ത്തിക്ക് 70 കിലോമീറ്റര്‍ അകലെ വരെ പീപ്പിള്‍സ് ലിബറേഷൻ ആര്‍മി നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കൂടുതല്‍ സാറ്റലൈറ്റ് ചിത്രങ്ങളാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. ബങ്കറുകള്‍, തുരങ്കങ്ങള്‍ എന്നിവ നിര്‍മിച്ചെന്നതാണ് റിപ്പോര്‍ട്ടുകള്‍.

ചൈനയുടെ നീക്കങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ചൈന ഇന്ത്യയുടെ ഭൂമിയില്‍ കടന്നുകയറി പിടിച്ചെടുത്തെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി മോദി ഇപ്പോഴും രാജ്യത്തിന്റെ ഒരിഞ്ചു സ്ഥലം പോലും പോയില്ല എന്നാണ് പറയുന്നത്. എന്നാല്‍ ഇവിടുത്തെ ജനങ്ങള്‍ അതല്ല പറയുന്നതെന്നും രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി.

Hot Topics

Related Articles