യാക്കോബായ സഭയുടെ അഭിമാനവും അലങ്കാരവുമാണ് മണർകാട് പള്ളി: ​ഗീവർ​ഗീസ് മോർ കൂറിലോസ്

മണർകാട്: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് പള്ളി യാക്കോബായ സഭയുടെ അഭിമാനവും അലങ്കാരവുമാണെന്ന് നിരണം ഭദ്രാസനാധിപൻ ​ഗീവർ​ഗീസ് മോർ കൂറിലോസ് മെത്രാപോലിത്ത മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ മൂന്നാം ദിവസമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അവധി ദിനമായ ഇന്നലെ പള്ളിയിലേക്ക് ​ഭക്തജനങ്ങളുടെ പ്രവാഹമായിരുന്നു. 

Advertisements

ദൂരസ്ഥലങ്ങളിൽനിന്നും പോലും വിശ്വാസകൾ ഒഴുകിയെത്തി. ഞായർ കുർബാനയിൽ സംബന്ധിച്ച് കൽക്കുരിശിൽ എണ്ണ ഒഴിച്ചു തിരികത്തിച്ച് പ്രാർഥിച്ചും നേർച്ചകളും വഴിപാടുകളും നടത്തിയാണ് വിശ്വാസികൾ മടങ്ങിയത്. ഗീവർ​ഗീസ് മോർ കൂറിലോസ് മെത്രാപോലിത്ത, കുര്യാക്കോസ് കോർ എപ്പിസ്കോപ്പ മണലേൽച്ചിറ എന്നിവർ വചനസന്ദേശം നൽകി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപോലിത്ത ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ സെക്രട്ടറി രഞ്ജിത്ത് കെ. ഏബ്രഹാം റിപ്പോർട്ട് അവതരിപ്പിച്ചു. കോട്ടയം ഭദ്രാസനാധിപൻ തോമസ് മോർ തീമോത്തിയോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജസ്റ്റിസ് ബി. കെമാൽ പാഷ മുഖ്യപ്രഭാഷണവും സി.ബി.എസ്.ഇ. സ്‌കൂളിന്റെ പുതിയ ബ്ലോക്കിന്റെ നിർമാണോദ്ഘാടനവും നിർവഹിച്ചു. 

സിറോ മലബാർ ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാൻ ബിഷപ്പ് മാർ തോമസ് തറയിൽ അനുഗ്രഹപ്രഭാഷണം നടത്തി. വിശുദ്ധ മർത്തമറിയം സേവകാസംഘം നിർമിച്ചു നൽകുന്ന ഭവനങ്ങളുടെ അടിസ്ഥാന ശിലാവിതരണം മന്ത്രി വി.എൻ. വാസവനും  ലൈബ്രറി ആൻഡ് റീഡിംഗ്‌റൂം കെട്ടിടത്തിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എം.പിയും പള്ളിവക ഹോസ്പിറ്റലിൽ ആരംഭിച്ചിരിക്കുന്ന ജെറിയാട്രിക് വാർഡിനോട് അനുബന്ധിച്ച് പുതുതായി തുടങ്ങുന്ന പാലിയേറ്റീവ് & ഹോംകെയർ യൂണിറ്റിന്റെ ഉദ്ഘാടനം കുറിയാക്കോസ് മോർ ഈവാനിയോസ് മെത്രാപോലിത്ത നിർവഹിച്ചു. 

90 വയസിനുമേൽ പ്രായമുള്ള വികാരി  ഇ.ടി. കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പ ഇട്ട്യാടത്ത്, 80 വയസിനു മേൽ പ്രായമുള്ള സഹവികാരി കെ കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പ കിഴക്കേടത്ത് എന്നീ വൈദികരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആദരിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർ ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്‌കോപ്പ സ്വാഗതവും കത്തീഡ്രൽ ട്രസ്റ്റി ബിനു ടി. ജോയി കൃതജ്ഞതയും പറഞ്ഞു.

മണർകാട് ഇന്ന്

കരോട്ടെ പള്ളിയിൽ രാവിലെ 6ന് കുർബ്ബാന. കത്തീഡ്രലിൽ രാവിലെ 7.30ന് പ്രഭാത പ്രാർഥന. 8.30ന് പൗരസ്ത്യ സുവിശേഷസമാജം മെത്രാപ്പോലീത്ത മർക്കോസ് മോർ ക്രിസോസ്റ്റമോസിൻ്റെ മുഖ്യകാർകത്വത്തിൽ മൂന്നിന്മേൽ കുർബ്ബാന. 11ന് പ്രസം​ഗം – മർക്കോസ് മോർ ക്രിസോസ്റ്റമോസ്. 12ന് ഉച്ചനമസ്കാരം. 2.30ന് പ്രസം​ഗം – ഫാ. ​ഗീവർ​ഗീസ് നടുമറിയിൽ. അഞ്ചിന് സന്ധ്യാ നമസ്കാരം. ആറിന് ഫാ. ജോർജ് കരിപ്പാൽ.

Hot Topics

Related Articles