കോട്ടയം: ജില്ലയിൽ അതിദാരിദ്ര നിർണയ പ്രക്രിയയുടെ ഭാഗമായി സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടവരുടെ വീട്ടിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി വിവരങ്ങൾ മൊബൈൽ ആപ്പിൽ ആപ്പിലൂടെ ശേഖരിക്കുന്ന എന്യൂമറേഷൻ പ്രവർത്തനങ്ങൾ നേരിട്ടു വിലയിരുത്തി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ.
അതിരമ്പുഴ പഞ്ചായത്തിലെ നാൽപാത്തിമല മ്ലാങ്കുഴി ഹരിജൻ കോളനിയിൽ വാസയോഗ്യമായ വീട് ഇല്ലാത്തതിനാൽ താൽക്കാലി ഷെഡിൽ താമസിക്കുന്ന പട്ടികവർഗത്തിൽപ്പെടുന്ന സഹോദരിമാരായ കാർത്ത്യായനി (73), ചെല്ലമ്മ (68) എന്നിവരുടെ വിവരങ്ങൾ അറിയാനാണ് കളക്ടർ നേരിട്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭവന നിർമാണത്തിനായി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വില്ലേജ് രേഖകളിലെ സങ്കീർണ്ണത പരിശോധിച്ച് പരിഹാരമുണ്ടാക്കാനും അതുവരെ വാസയോഗ്യമായ താത്കാലിക സംവിധാനം ഒരുക്കാനും ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ പി.എച്ച്.സി.യുടേയോ പാലിയേറ്റീവ് പ്രവർത്തകരുടേയോ സേവനം നൽകാനും കളക്ടർ നിർദ്ദേശിച്ചു.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജയിംസ് കുര്യൻ, എ.എം. ബിന്നു, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, പഞ്ചായത്തംഗങ്ങളായ ഷിമി സജി, ജോസ് അമ്പലക്കുളം, നോഡൽ ഓഫീസറായ പി.എ.യു. പ്രൊജക്ട് ഡയറക്ടർ പി.എസ്. ഷിനോ, ബി.ഡി.ഒ. രാഹുൽ ജി. കൃഷ്ണ, പഞ്ചായത്ത് സെക്രട്ടറി ബെന്നി തോമസ്, ആർ.ജി.എസ്.എ. കോർഡിനേറ്റർ ഡോ.എസ്.വി. ആന്റോ, കില ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി,
ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ ബിലാൽ കെ. റാം എന്നിവർ പങ്കെടുത്തു. എന്യൂമറേറ്റർമാരായ പി.സി. മാത്യു, പി.ബാബുരാജ്, എം.റ്റി. മിനിമോൾ എന്നിവർ വിവരങ്ങൾ ശേഖരിച്ചു.
പട്ടിക അന്തിമമാക്കാൻ ഒരേ ദിവസം ഗ്രാമസഭ
അതിദാരിദ്ര നിർണയ പ്രക്രിയയുടെ ഭാഗമായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ഡിസംബർ 22 നു മുൻപായി ഒരേ ദിവസം ഗ്രാമസഭ കൂടി അതിദരിദ്ര പട്ടിക അന്തിമമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പറഞ്ഞു. ജില്ലാ പഞ്ചായത്തിൽ നടന്ന ജില്ലാതല കോർ കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അവർ. ഉപതെരഞ്ഞെടുപ്പ് നടന്ന കാണക്കാരി, മാഞ്ഞൂർ പഞ്ചായത്തുകളിൽ മാത്രം ഫോക്കസ്ഗ്രൂപ്പ് ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ സാധ്യത പട്ടികയാക്കി എന്യൂമറേഷൻ പ്രക്രിയ എത്രയും വേഗം പൂർത്തിയാക്കാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകി.
പദ്ധതി പ്രകാരം തദ്ദേശ സ്ഥാപനങ്ങളിലെ ഫോക്കസ് ഗ്രൂപ്പ് ചർച്ചകളിൽ നിന്നുയർന്ന വന്ന പ്രാഥമിക സാധ്യതാ പട്ടിക പ്രകാരം എന്യൂമറേറ്റർമാർ രേഖപ്പെടുത്തുന്ന വിവരം അതത് വാർഡിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ പരിശോധിച്ച് മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം വഴി അംഗീകരിച്ചാൽ മാത്രമേ വിവരശേഖരണം പൂർത്തിയാകൂ. എന്യൂമറേഷൻ പട്ടികയിൽ വരുന്ന പരാതിയുള്ള കേസുകൾ ചർച്ച ചെയ്യാനും സൂപ്പർ ചെക്കിങ്ങിനുമായി ഏഴു ദിവസത്തെ സമയം നൽകി പൊതു ഇടങ്ങളിൽ പട്ടിക പ്രദർശിപ്പിക്കും. പരാതികൾ പരിഹരിച്ച പട്ടിക ജില്ലയൊട്ടാകെ ഒരേ ദിവസം ഗ്രാമസഭ കൂടി അന്തിമമാക്കണം. തുടർന്ന് അതിദരിദ്രർക്കായി മൈക്രോപദ്ധതികൾ ആസൂത്രണം ചെയ്യും. യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
എന്യൂമറേഷൻ ആദ്യം പൂർത്തിയാക്കി പൂഞ്ഞാർ തെക്കേക്കര
ജില്ലയിൽ അതിദാരിദ്ര നിർണയ പ്രക്രിയയുടെ ഭാഗമായ എന്യൂമറേഷൻ പ്രക്രിയ ആദ്യം പൂർത്തിയാക്കി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്. ഇതുവരെ 22 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് എന്യൂമറേഷൻ പ്രക്രിയ പൂർത്തിയായത്. 58 പഞ്ചായത്തുകളിലും ആറു നഗരസഭകളിലും പ്രീ-എന്യൂമറേഷൻ നടന്നുവരുന്നു. നഗരസഭകളിൽ കോട്ടയവും ഈരാറ്റുപേട്ടയും അന്തിമഘട്ടത്തിലാണ്.