മിഷൻ ഇന്ദ്രധനുഷ്  തീവ്രയജ്ഞം 5.0:  കോട്ടയം ജില്ലയിൽ രണ്ടാം ഘട്ട വാക്‌സിനേഷൻ  സെപ്റ്റംബർ 11 മുതൽ 16 വരെ

കോട്ടയം : കുഞ്ഞുങ്ങൾ അഞ്ചുവയസുവരെ സ്വീകരിക്കേണ്ട 11 വാക്‌സിനുകൾ മുടങ്ങിപ്പോയവരെ കണ്ടെത്തി വാക്‌സിനേറ്റ് ചെയ്യുന്ന മിഷൻ ഇന്ദ്രധനുഷ് ക്യാമ്പയിന്റെ രണ്ടാം ഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെ നടക്കും. ഒരു വാക്‌സിനും ഇതുവരെ സ്വീകരിക്കാത്ത 33 കുട്ടികളും, ഏതാനും വാക്‌സിനുകൾ മാത്രം സ്വീകരിച്ച 203 കുട്ടികളും ജില്ലയിലുണ്ടെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു.  കൂടാതെ ഈകാലയളവിൽ പതിവായി വാക്‌സിൻ സ്വീകരിക്കേണ്ട കുട്ടികൾ ഉൾപ്പെടെ 2803 കുട്ടികളെ ഈ കാലയളവിൽ വാക്‌സിനേറ്റ്  ചെയ്യും.  രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് പരിപാടിയുടെ സമയക്രമം. 

Advertisements

മൂന്ന് ഘട്ടങ്ങളിലായാണ് മിഷന്‍ ഇന്ദ്രധനുഷ് സംഘടിപ്പിക്കുന്നത്. ദേശീയ വാക്‌സിനേഷന്‍ പട്ടിക പ്രകാരം വാക്‌സിന്‍ എടുക്കുവാന്‍ വിട്ടുപോയിട്ടുളള 2 മുതല്‍ 5 വയസ് വരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും പൂര്‍ണമായോ ഭാഗികമായോ ദേശീയ വാക്‌സിനേഷന്‍ പട്ടിക പ്രകാരം വാക്‌സിന്‍ എടുത്തിട്ടില്ലാത്ത ഗര്‍ഭിണികള്‍ക്കുമാണ് ഈ പരിപാടിയിലൂടെ വാക്‌സിന്‍ നല്‍കുന്നത്.  ഓഗസ്റ്റ് 7 മുതല്‍ നടന്ന ഒന്നാം ഘട്ടം വിജയമായിരുന്നു. സംസ്ഥാനത്ത് 18,744 ഗര്‍ഭിണികളെയും 5 വയസ് വരെയുളള 1,16,589 കുട്ടികളെയുമാണ് പൂര്‍ണമായോ ഭാഗികമായോ വാക്‌സിന്‍ എടുക്കാത്തതായി കണ്ടെത്തിയിട്ടുളളത്. അതില്‍ 18,389 ഗര്‍ഭിണികള്‍ക്കും 87,359 അഞ്ച് വയസ് വരെയുളള കുട്ടികള്‍ക്കുമാണ് വാക്‌സിന്‍ നല്‍കിയത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒക്ടോബര്‍ 9 മുതല്‍ 14 വരേയുമാണ് മൂന്നാം ഘട്ടം. സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ഗുണഭോക്താക്കള്‍ക്ക് എത്തിച്ചേരുവാന്‍ സൗകര്യപ്രദമായ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും വച്ച് വാക്‌സിനേഷന്‍ നല്‍കുന്നതാണ്. കൂടാതെ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുളള ദുര്‍ഘടസ്ഥലങ്ങളില്‍ മൊബൈല്‍ ടീമിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

പൂർണമായും സൗജന്യമായി, മികച്ച ശീതീകരണ ശൃംഖല ക്രമീകരിച്ചുകൊണ്ട്, മികച്ച പരിശീലനം സിദ്ധിച്ച നഴ്സുമാരാണ് വാക്‌സിനുകൾ നൽകുന്നത്. ഇവ കൃത്യമായും പൂർണമായും സ്വീകരിക്കേണ്ടത് 11 മാരകരോഗങ്ങളിൽനിന്നു സുരക്ഷ നേടുന്നതിന് അത്യന്താപേക്ഷിതമാണ്.  എന്നാൽ കുട്ടികൾ സ്വീകരിക്കേണ്ട പലവാക്‌സിനുകളും കോവിഡ് പശ്ചാത്തലത്തിൽ മുടങ്ങിപ്പോയിരിക്കുന്നതായി ദേശീയതലത്തിലുള്ള സർവ്വേകൾ സൂചിപ്പിക്കുന്നതായും ഇത് കുട്ടികളുടെ ആരോഗ്യത്തെയും പൊതുജനാരോഗ്യത്തെയും  ദോഷകരമായി ബാധിക്കുമെന്നും ഡി.എം.ഒ  അറിയിച്ചു.  

ജില്ലയിൽ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി, പാറത്തോട്, കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ വാക്‌സിനേഷൻ മുടങ്ങിയിരിക്കുന്നത്.  ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പൊതുജന പങ്കാളിത്തത്തോടെ വാക്‌സിനേഷൻ പ്രചാരണം ശക്തമാക്കും.  ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെയിടയിലും പൂർണമായും വാക്‌സിനുകൾ സ്വീകരിക്കാത്തവർ കൂടുതലുണ്ടെന്നു ഡി.എം.ഓ സൂചിപ്പിച്ചു.  ഇവർക്കായി അവരുടെ താമസസ്ഥലങ്ങൾക്കരികിലായി ക്യാമ്പുകൾ സംഘടിപ്പിക്കും.

Hot Topics

Related Articles