നിപയ്ക്കെതിരെ ജാഗ്രതയോടെ സർക്കാർ ; സമ്പര്‍ക്ക പട്ടികയില്‍ 706 പേര്‍ ; ഹൈ റിസ്‌ക് വിഭാഗത്തില്‍ 77 പേർ ; സമ്പര്‍ക്ക പട്ടികയിലെ 153 പേര്‍ ആരോഗ്യപ്രവര്‍ത്തകർ ; സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ സംവിധാനവും അലര്‍ട്ട് ആണെന്ന് വീണാ ജോർജ്

തിരുവനന്തപുരം : കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിമാര്‍, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ബുധനാഴ്ച യോഗം ചേര്‍ന്ന് പ്രതിരോധ നടപടികള്‍ സമഗ്രമായി അവലോകനം ചെയ്തു.കോഴിക്കോട് നിന്ന് അയച്ച 5 സാമ്പിളുകളില്‍ മൂന്നെണ്ണമാണ് നിപ പോസിറ്റീവായി തെളിഞ്ഞതെന്ന് യോഗശേഷം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Advertisements

ഇതുവരെ സമ്പര്‍ക്ക പട്ടികയില്‍ 706 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ 77 പേരാണ്. സമ്പര്‍ക്ക പട്ടികയില്‍ 153 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്ളവര്‍ അവരുടെ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുകയാണ്. ഓഗസ്റ്റ് 30 ന് മരിച്ച ഇൻഡക്‌സ് കേസ് എന്ന് കരുതുന്ന വ്യക്തിയുടെ 9 വയസുകാരനായ കുഞ്ഞ് ആശുപത്രി വെന്റിലേഷനില്‍ തുടരുകയാണെന്ന് മന്ത്രി അറിയിച്ചു. കുട്ടിക്ക് മോണോ ക്ലോണോ ആന്റിബോഡി നല്‍കാനായി ഐ.സി.എം.ആറിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മരുന്ന് വിമാനമാര്‍ഗം ബുധനാഴ്ച രാത്രി എത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോഴിക്കോട് 19 കമ്മിറ്റികള്‍ രൂപീകരിച്ച്‌ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. പോസിറ്റീവ് ആയവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു കഴിഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനില്‍ ഉള്ള 13 പേരില്‍ 30ന് മരിച്ച ആളുടെ ബന്ധുവും ഉള്‍പ്പെടും. ഇവരുടെ ആരോഗ്യം സാധാരണ നിലയിലാണ്. നിപ കണ്ടെയ്ൻമെന്റ് സോണില്‍ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ വാര്‍ഡ് തിരിച്ച്‌ പ്രവര്‍ത്തിക്കാൻ പഞ്ചായത്ത് നേതൃത്വത്തില്‍ വളണ്ടിയര്‍മാരുടെ ടീം രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. വളണ്ടിയര്‍മാര്‍ക്ക് തിരിച്ചറിയാൻ ബാഡ്ജ് ഉണ്ടാവും. ഐസോലേഷനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയ എല്ലാ ആവശ്യങ്ങള്‍ക്കും വളണ്ടിയര്‍മാരെ ബന്ധപ്പെടാം. ഇവരുടെ മൊബൈല്‍ നമ്ബരുകള്‍ പ്രസിദ്ധപ്പെടുത്തും.

സമ്പര്‍ക്ക പട്ടിക വിപുലമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാനായി കൂടുതല്‍ ആശുപത്രികള്‍, റൂമുകള്‍ എന്നിവ സജ്ജമാക്കുന്നുണ്ട്. നിലവില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവരില്‍ ലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം ആശുപത്രിയില്‍ പോയാല്‍ മതി.സംസ്ഥാനതലത്തില്‍ ആരോഗ്യവകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ സംസ്ഥാനത്തെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

എല്ലാവിധ പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരോഗ്യവകുപ്പ് സ്വീകരിച്ചതായും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പക്ഷേ കരുതല്‍ വേണം. കോഴിക്കോട് ജില്ലയില്‍ എല്ലാവരും മാസ്‌ക് ഉപയോഗിക്കണം. ആശുപത്രികളില്‍ ഇൻഫെക്ഷൻ ഡിസീസ് പ്രോട്ടോകോള്‍ പാലിക്കണം.
കേന്ദ്രസംഘം നിപ റിപ്പോര്‍ട്ട് ചെയ്ത സ്ഥലം സന്ദര്‍ശിക്കും. സംഘത്തിലെ ചിലര്‍ സംസ്ഥാനത്ത് എത്തിക്കഴിഞ്ഞു. മസ്തിഷ്‌കജ്വരം ബാധിച്ചവരുടെ സാമ്ബിളുകള്‍ നിലവില്‍ തിരുവനന്തപുരം തോന്നയ്ക്കലിലെ ലാബിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും പരിശോധിക്കുന്നുണ്ട്. ഗുരുതരമായ ലക്ഷണങ്ങള്‍ ഉള്ളവര്‍ പൂന ലാബിലേക്ക് അയക്കും.

നിപ സംബന്ധിച്ച്‌ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു ആശങ്ക പരത്തരുതെന്നു മന്ത്രി അഭ്യര്‍ഥിച്ചു. തിരുവനന്തപുരത്ത് വിദ്യാര്‍ഥി ബൈക്കില്‍ സഞ്ചരിക്കവെ വവ്വാല്‍ മുഖത്തടിച്ചു പരിക്കേറ്റ സംഭവത്തിന് നിപയുമായി ബന്ധമില്ല. സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ സംവിധാനവും അലര്‍ട്ട് ആണെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.