ചെന്നൈ : പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ വിജയത്തിനായി ആഹ്വാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ബിജെപിക്കെതിരായ അഴിമതി ആരോപണങ്ങള്‍ തുറന്നുകാണിക്കാൻ അദ്ദേഹം പാര്‍ട്ടി അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ നടപ്പാക്കിയതില്‍ 7.50 ലക്ഷം കോടി രൂപയുടെ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന സിഎജി റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് സ്റ്റാലിന്‍ അണികളോട് ഈ ആഹ്വാനം നടത്തിയിരിക്കുന്നത്. വെല്ലൂരില്‍ ഡിഎംകെയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍.
2014 നും 2023 നും ഇടയില്‍ ഇന്ധനവില കൂടിയത് ചൂണ്ടിക്കാട്ടി സ്റ്റാലിന്‍ ബിജെപിയെ വിമര്‍ശിച്ചു- “2014ല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലേക്ക് എത്തുമ്പോള്‍ ഇന്ത്യയുടെ കട ബാധ്യത 55 ലക്ഷം കോടി രൂപ മാത്രമായിരുന്നു. ബിജെപിയുടെ ഭരണത്തില്‍ കടം 155 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. അഴിമതി മറച്ചുവെയ്ക്കാനാണ് ബിജെപിയുടെ ശ്രമം. അഴിമതിയുടെ മുഖംമൂടി വലിച്ചുകീറണം. ഇതാണ് നമ്മുടെ മുന്നിലുള്ള പ്രാഥമിക കടമ.”