കോഴഞ്ചേരി : കോയിപ്രം പുല്ലാട് ഐരക്കാവ് പാറക്കൽ പ്രദീപ് കുമാർ (40) കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതി കോയിപ്രം വരയന്നൂർ കല്ലുങ്കൽ മോൻസി എന്ന് വിളിക്കുന്ന വിനോദ് (46)നെ സംഭവസ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുത്തു. കൊലപ്പെടുത്താനുപയോഗിച്ച കത്തി, കൊല്ലപ്പെട്ട പ്രദീപിന്റെ വീടിനുപിന്നിലെ ആൾതാമസമില്ലാത്ത പുരയിടത്തിലെ കുറ്റിക്കാട്ടിൽ നിന്നാണ് ഇന്ന് കണ്ടെടുത്തത്. കത്തിയുടെ പിടി കടലാസിൽ പൊതിഞ്ഞനിലയിലായിരുന്നു. കൊലപാതക സമയത്ത് ഇയാൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ ഇയാളുടെ വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്നതും പോലീസ് കണ്ടെത്തി.
പുല്ലാട് മത്സ്യക്കച്ചവടം ചെയ്യുന്ന വിനോദും കൊല്ലപ്പെട്ട പ്രദീപും മുമ്പ് സുഹൃത്തുക്കളായിരുന്നു. വിനോദിന്റെ ഭാര്യയും കൊല്ലപ്പെട്ട പ്രദീപുമായി അവിഹിത ബന്ധമുണ്ടായിരുന്നതും, വിനോദിൽ നിന്നും അകന്ന് പ്രദീപിന്റെ നിയന്ത്രണത്തിൽ മാറിത്താമസിച്ചുകൊണ്ട് ഭാര്യ ബന്ധം തുടർന്നതും കൊലപാതകത്തിനുള്ള വിരോധകാരണമായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടത്തിയത് എങ്ങനെയെന്ന് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തി. പ്രദീപിന്റെ കുമ്പനാട് ഐരക്കാവിലുള്ള വീടിന്റെ സമീപം 18 ന് രാത്രി 8.30 ന് വിനോദ് എത്തി. ഈ സമയം പ്രദീപ് വിനോദിന്റെ ഭാര്യയുമായി ഫോണിൽ സ്പീക്കറിൽ സംസാരിക്കുന്നത് കേട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറേനേരം കാത്തുനിന്ന പ്രതി, വീടിനു സമീപത്തുള്ള മുളങ്കാടിൽ കൊല്ലാൻ കരുതി ഒളിച്ചുവച്ച കത്തിയുമായി വീടിന്റെ ഭിത്തിക്ക് മറഞ്ഞു ചെന്ന് പ്രദീപിന്റെ പുറത്ത് ആഞ്ഞു കുത്തുകയായിരുന്നു. പ്രാണരക്ഷാർത്ഥം വീടിനുമുന്നിലെ ചതുപ്പുനിലത്തേക്ക് പ്രദീപ് ഓടിയപ്പോഴേക്കും പ്രതി പിന്തുടർന്നെത്തി. ചതുപ്പിൽ കമഴ്ന്നുവീണപ്പോൾ പുറത്തും വയറ്റിലും ആഴത്തിൽ പലതവണ കുത്തി മുറിവേൽപ്പിച്ചു. അനക്കമടങ്ങും വരെ പത്ത് മിനിറ്റോളം തോളിൽ വലതുകാൽ കൊണ്ട് ചവുട്ടിപ്പിടിച്ച് മരണമുറപ്പിക്കും വരെ കാക്കുകയും ചെയ്തതായും ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
ചൊവ്വാഴ്ച്ച രാവിലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോയിപ്രം പോലീസ് തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു. ശാസ്ത്രീയ അന്വേഷണസംഘവും, വിരലടയാള വിദഗ്ദ്ധരും, ഡോഗ് സ്ക്വാഡും, ഫോട്ടോഗ്രാഫറും സ്ഥലത്ത് പരിശോധന നടത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. പ്രതിക്കായി നടത്തിയ ഊർജ്ജിത അന്വേഷണത്തെ തുടർന്ന് ഇന്നലെ വൈകിട്ട് 5 മണിയോടെ വീടിനു സമീപത്തെ ശ്മശാനത്തിൽ പതുങ്ങിയിരിക്കുന്നതായി കണ്ടെത്തി കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യലിന് ശേഷം രാത്രി അറസ്റ്റ് രേഖപ്പെടുത്തി. തന്റെ കുടുംബം നശിപ്പിച്ച പ്രദീപിനെ കൊന്നശേഷം തന്റെ ഭാര്യയേയും കൊല്ലാനായിരുന്നു ഉദ്ദേശിച്ചതെന്ന് പ്രതി കുറ്റസമ്മതത്തിൽ വെളിപ്പെടുത്തി. മദ്യപിച്ചാൽ അപകടകാരിയായി മാറുന്ന വിനോദ്, ഭാര്യയെയും കുട്ടികളെയും ഉപദ്രവിക്കുകയും, അയൽവാസികളെ ഉപദ്രവിക്കുകയും ചീത്ത വിളിക്കുന്നതും പതിവാണ്. ഇത് സംബന്ധിച്ച് ഭാര്യയുടെയും പരിസരവാസികളുടെയും പരാതികൾ നിലവിലുണ്ട്. അയൽവാസിയായ സ്ത്രീയെ അപമാനിച്ചതിനും മർദ്ദിച്ചതിനും ഇയാൾക്കെതിരെ ക്രിമിനൽ കേസുമുണ്ട്. 107 സി ആർ പി സി പ്രകാരമുള്ള നിയമനടപടികൾക്കായി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ ഇയാൾക്കെതിരെ കോയിപ്രം പോലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. തിരുവല്ല ഡി വൈ എസ് പി എ അഷദിന്റെ മേൽനോട്ടത്തിൽ പോലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് നടപടികൾ കൈകൊണ്ടത്. പോലീസ് സംഘത്തിൽ എസ് ഐ ജി ഉണ്ണികൃഷ്ണൻ, എ എസ് ഐ മാരായ സുധീഷ്, ഷിറാസ്, ബിജു, എസ് സി പി ഓ ഷബാന അഹമ്മദ്, സി പി ഓ സുജിത് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.