ന്യൂഡൽഹി : സെപ്റ്റംബര്‍ മാസത്തില്‍ ഞങ്ങള്‍ക്ക് 700 ഓളം വിമാനങ്ങള്‍ റദ്ദാക്കേണ്ടി വരും. യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നു’. ബജറ്റ് യാത്രാ വിമാനക്കമ്പനിയെന്ന പേരില്‍ അറിയപ്പെടുന്ന ആകാശ എയറിന്റെ സിഇഒ വിനയ് ദുബെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞ കാര്യങ്ങളാണിത്. ശതകോടീശ്വരൻ രാകേഷ് ജുൻജുൻവാല ആരംഭിച്ച ആകാശ എയറിന്റെ ഭാവി തുലാസിലാകുമെന്ന റിപ്പോര്‍ട്ടുകളാണ് ദേശീയ മാദ്ധ്യമങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു മാസത്തില്‍ 700ഓളം വിമാനങ്ങള്‍ റദ്ദാക്കാൻ മാത്രം എന്തു വലിയ പ്രതിസന്ധിയാണ് ‘കട്ടപ്പുറത്തായത്’ 700 ഓളം വിമാനങ്ങള്‍, പരിശോധിക്കാം….
ആകാശ എയറിന് സംഭവിച്ചത് ?
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആകാശ എയറിന്റെ 43 ഓളം പൈലറ്റുമാര്‍ മുന്നറിയിപ്പില്ലാതെ രാജിവച്ചെന്നാണ് ബിസിനസ് സ്റ്റാൻഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആകാശ എയറിന്റെ അഭിഭാഷകൻ മൻമീത് പ്രീതം സിംഗ് അറോറ ഡല്‍ഹി ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്. 43 പൈലറ്റുമാരും നോട്ടീസ് പിരീഡ് തികയ്ക്കാതെയാണ് രാജിവച്ചതെന്നാണ് അദ്ദേഹം കോടതിയെ അറിയിച്ചത്. കമ്ബനിയുടെ നിയമ പ്രകാരം ക്യാപ്റ്റന്മാര്‍ക്ക് ഒരു വര്‍ഷവും ഫസ്റ്റ് ഓഫീസര്‍മാര്‍ക്ക് ആറ് മാസവുമാണ് നോട്ടീസ് പിരീഡ്. പൈലറ്റുമാരുടെ മുന്നറിയിപ്പില്ലാതയുള്ള നടപടിയാണ് ആകാശ എയര്‍ ഇപ്പോള്‍ അനുഭവിക്കുന്ന പ്രതിസന്ധിക്ക് പ്രധാന കാരണം.
‘കട്ടപ്പുറത്തായത്’ 700 ഓളം വിമാനങ്ങള്‍
ഓഗസ്റ്റ് മാസത്തില്‍ ആകെ 700 വിമാനങ്ങളാണ് ആകാശ എയര്‍ റദ്ദാക്കിയത്. ഇപ്പോഴത്തെ പ്രതിസന്ധി ചൂണ്ടിക്കാണിച്ച് കമ്ബനി സിഇഒ ജീവനക്കാര്‍ക്ക് ഇ-മെയില്‍ സന്ദേശം അയച്ചിരുന്നു. ‘നമ്മുടെ കമ്ബനിയിലെ ഒരു കൂട്ടം പൈലറ്റുമാര്‍ ഒരു മുന്നറിയിപ്പുമില്ലാതെ ജോലിയില്‍ നിന്നും പുറത്തുപോയിരിക്കുന്നു. കമ്ബനിയുടെ നിയമങ്ങള്‍ പാലിക്കാതെയാണ് പിരിഞ്ഞുപോക്ക്. ഈ ഒരു കാരണം കൊണ്ട് ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള വിവിധ സര്‍വ്വീസുകള്‍ റദ്ദാക്കാതെ മറ്റ് വഴികളില്ല’- ദുബെ ഇ-മെയില്‍ സന്ദേശത്തില്‍ കുറിച്ചു.
പൈലറ്റുമാരുടെ നടപടി നിയമവിരുദ്ധം മാത്രമല്ല, അധാര്‍മ്മികവും കൂടിയാണെന്നാണ് ആകാശ എയര്‍ വക്താവ് പറഞ്ഞത്. നൂറു കണക്കിന് യാത്രക്കാര്‍ക്കാണ് അവസാന നിമിഷം അവരുടെ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നത്. വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് അസൗകര്യം നേരിടേണ്ടി വന്നെന്നും അദ്ദേഹം വ്യക്തമാക്കി.
പൈലറ്റുമാര്‍ എയര്‍ ഇന്ത്യ എക്സ്പ്രസിലേക്ക് ?
ആകാശ എയറിന്റെ എതിരാളികളായ മറ്റൊരു വിമാനക്കമ്ബനിയിലേക്കാണ് പൈലറ്റുമാര്‍ പോയതെന്ന് ബിസിനസ് സ്റ്റാൻഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. പൈലറ്റുമാര്‍ എയര്‍ ഇന്ത്യ എക്സ്പ്രസിലേക്കാണ് പോയതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പൈലറ്റുമാരെ മറുകണ്ടം ചാടിച്ചതിന് പിന്നില്‍ കളിച്ചത് എയര്‍ ഇന്ത്യ എക്സ്പ്രസാണെന്ന കുറ്റപ്പെടുത്തലുകളും കമ്ബനി വക്താക്കളും പങ്കുവയ്ക്കുന്നുണ്ട്.
ആകാശയുടെ ഭാവി?
ഏറ്റവും കൂടുതല്‍ മത്സരം നേരിടുന്ന ഈ മേഖലയില്‍ ആകാശ എയറിന്റെ ഭാവി എന്താകുമെന്ന ആശങ്കയാണ് ഇപ്പോള്‍ ബിസിനസ് ലോകം ചര്‍ച്ച ചെയ്യുന്നത്. വലിയ പ്രതിസന്ധിയാണ് ആകാശ നേരിടുന്നത്. ഉടൻ തന്നെ കമ്ബനി അടച്ചുപൂട്ടേണ്ട സ്ഥിതിയുണ്ടെന്നാണ് കമ്ബനി അഭിഭാഷകൻ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചത്. പൈലറ്റുമാരുടെ അപ്രതീക്ഷിതമായ നടപടിക്കെതിരെ നിയമപരമായി നീങ്ങാനാണ് ആകാശയുടെ തീരുമാനം. ഈ കാലയളവിലുണ്ടായ നഷ്ടം പൈലറ്റുമാരില്‍ നിന്ന് ഈടാക്കാനുള്ള നിയമനടപടി കമ്ബനി ആരംഭിച്ചു. 22 കോടി രൂപ നഷ്ടപരിഹാരം പൈലറ്റുമാരില്‍ നിന്ന് ഈടാക്കാനാണ് കമ്ബനി കോടതിയെ സമീപിച്ചിരിക്കുന്നത്.
പുതുതായി ഉടലെടുത്ത പ്രതിസന്ധി കാരണം ആകാശയുടെ വിപണി മൂല്യം ആഗസ്റ്റില്‍ 5.2ല്‍ നിന്നും 4.2 ശതമാനമായി ഇടിഞ്ഞിരുന്നു. അന്താരാഷ്ട്ര യാത്രകള്‍ക്ക് തുടക്കമിടാൻ ജൂണ്‍ മാസത്തില്‍ 4 ബോയിംഗ് 737 വിമാനങ്ങള്‍ വാങ്ങാൻ കമ്ബനി ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ പ്രതിസന്ധി. ഈ വര്‍ഷം അവസാനത്തോടെ അന്താരാഷ്ട്ര യാത്രകള്‍ ആരംഭിക്കാനായിരുന്നു ആകാശ പദ്ധയിട്ടിരുന്നത്.
പ്രതീക്ഷ കൈവിടാതെ കമ്ബനി
പ്രാരംഭ ഘട്ടത്തില്‍ ഉടലെടുത്ത പ്രതിസന്ധി വെല്ലുവിളിയാകുമ്ബോഴും പ്രതീക്ഷ കൈവിടാൻ കമ്ബനി തയ്യാറല്ല. ഈ വര്‍ഷം അവസാനത്തോടെ ആകാശയിലേക്കെത്തുന്ന പുതിയ വിമാനങ്ങള്‍ മൂന്നക്കം കടക്കുമെന്നാണ് സിഇഒ ദുബെ വ്യക്തമാക്കുന്നത്. മാദ്ധ്യമങ്ങളില്‍ വരുന്ന തലക്കെട്ടുകള്‍ കണ്ട് പരിഭ്രാന്തരാകരുത്. കമ്ബനി അടച്ചുപൂട്ടുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്ക് ചെവികൊടുക്കരുതെന്നും ദുബെ ജീവനക്കാരോട് പറഞ്ഞു.