ഗുവാഹത്തി : കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിക്കെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യ റിനികി ഭൂയാൻ ശര്‍മ്മ.റിനികിയുടെ ഉടമസ്ഥതയിലുള്ള ഭക്ഷ്യ സംസ്കരണ പദ്ധതിയില്‍ ക്രമക്കേടാരോപിച്ചതിന് പിന്നാലൊണ് ഗൗരവ് ഗൊഗോയിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. കാംരൂപ് മെട്രോപൊളിറ്റനിലെ സിവില്‍ ജഡ്ജി (സീനിയര്‍ ഡിവിഷൻ) കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. പദ്ധതിക്ക് സബ്സിഡി ലഭിക്കുന്നതിന് ഞങ്ങള്‍ ഒരിക്കലും അപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് അഭിഭാഷകൻ ദേവജിത് സൈകിയ പറഞ്ഞു.
സബ്സിഡി തേടുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടില്ല. 2022 നവംബര്‍ 22-നാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. നിര്‍ദ്ദേശം സമര്‍പ്പിച്ചില്ലെങ്കില്‍ ഞങ്ങളുടെ അനുമതി കാലഹരണപ്പെടുമെന്ന് അറിയിപ്പ് ലഭിച്ചു. സബ്സിഡി തേടുന്നതിന് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് എംപി ഗൊഗോയ് കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് ആരോപണം ഉന്നയിച്ചത്. പദ്ധതിക്ക് അംഗീകാരം ലഭിച്ചു എന്നത് സബ്സിഡി ലഭിച്ചു എന്നര്‍ഥമില്ല. അതുകൊണ്ടു തന്നെ നിയമപരമായി നീങ്ങുമെന്നും അവര്‍ അറിയിച്ചു.