തൃശൂർ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസില്‍ തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് സെക്രട്ടറി ബിനു അടക്കമുള്ളവരെ ഇഡി ഇന്ന് ചോദ്യം ചെയ്യും. ബാങ്കിലെ സംശകരമായ പണമിടപാടുകളുടെ രേഖകള്‍ ഇഡിക്ക് കിട്ടിയിരുന്നു. കേസിലെ പ്രതി സതീഷ് കുമാര്‍ നടത്തിയ ഇടപാടുകളിലും വിവരങ്ങള്‍ തേടും. കഴിഞ്ഞ ദിവസം ബാങ്ക് പ്രസിഡന്റ് എംകെ കണ്ണനെ ഇഡി ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച വീണ്ടും ഹാജരാകാനും നിര്‍ദ്ദേശം നല്കി. സിപിഎം നേതാവ് എസി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
എം കെ കണ്ണനെ ചോദ്യം ചെയ്തത് ഏഴ് മണിക്കൂര്‍
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎം സംസ്ഥാന സമിതിയംഗവും തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം കെ കണ്ണനെ ഏഴ് മണിക്കൂറോളമാണ് ചോദ്യംചെയ്തത്. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് 27 കോടിയിലേറെ രൂപ ബെനാമി വായ്പയായി തട്ടിയ പിപി കിരണും സതീഷ് കുമാറും തമ്മിലുള്ള സാമ്ബത്തിക ഇടപാടിലാണ് എം.കെ കണ്ണനെ ചോദ്യം ചെയ്തത്. എംകെ കണ്ണൻ അദ്ധ്യക്ഷനായ ബാങ്കിലെ സതീഷ് കുമാറിന്റെ ബിനാമി നിക്ഷേപത്തില്‍ നിന്നും പിപി കിരണിന് വേണ്ടി കരുവന്നൂര്‍ ബാങ്കിലേക്ക് പോയ പണത്തിലാണ് ഇഡിയുടെ സംശയങ്ങള്‍.
പണമിടപാടിന്റെ രേഖകള്‍ ഇ ഡി കണ്ടെടുത്തിരുന്നു. ഈ പണമിടപാടുകള്‍ സംബന്ധിച്ച് പിന്നീട് സതീഷ് കുമാറും കിരണും തമ്മില്‍ പൊലീസ് കേസ് ഉണ്ടാവുകയും എ.സി മൊയ്തീൻ, എംകെ കണ്ണൻ അടക്കമുള്ളവര്‍ പ്രശ്ന പരിഹാരത്തിന് ഇടപെട്ടെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. ചോദ്യംചെയ്യലിന് ശേഷം ഇഡിക്കെതിരെ എംകെ കണ്ണൻ രംഗത്തെത്തി. വെള്ളിയാഴ്ച ഇഡി ഓഫീസിലെത്താൻ അറിയിച്ചിട്ടുണ്ടെന്നും താൻ ഹാജരാകുമെന്നും എംകെ കണ്ണൻ പറഞ്ഞു. കേസില്‍ നിലവില്‍ സിപിഎമ്മിന്റെ രണ്ട് സംസ്ഥാന സമിതി അംഗങ്ങളാണ് ഇഡി അന്വേഷണനിഴലില്‍ ഉള്ളത്. കേസില്‍ എ.സി മൊയ്തീനിനെ വീണ്ടും ചോദ്യംചെയ്യാനിരിക്കെയാണ് എംകെ കണ്ണനെയും വിളിപ്പിച്ചത്. കണ്ണനുമായി ബന്ധപ്പെട്ട ഇനിയുള്ള നടപടികള്‍ എസി മൊയ്തീനെ സംബന്ധിച്ചും നിര്‍ണ്ണായകമാണ്.