കടുത്തുരുത്തി: നാളികേരത്തിന്റെ വിലത്തകര്‍ച്ചമൂലം ഗുരുതരമായ പ്രതിസന്ധി നേരിടുന്ന കേരകര്‍ഷകരോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന ക്രൂരമായ അവഗണന അവസാനിപ്പിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും കേരള കര്‍ഷക യൂണിയന്റേയും സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനത്തൊട്ടാകെ 100 കേന്ദ്രങ്ങളില്‍ നടത്തുന്ന കേരകര്‍ഷക സൗഹാര്‍ദ്ദ സംഗമത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം കടുത്തുരുത്തിയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാളികേര സംഭരണം പരിപൂര്‍ണ്ണമായും പരാജയപ്പെട്ടതിന് സംസ്ഥാന സര്‍ക്കാര്‍ സമാധാനം പറയണം. കേരകര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ അഡ്വ. ജോയി എബ്രഹാം എക്സ് എം.പി., പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. കേര കര്‍ഷക സൗഹാര്ദ്ദസംഗമത്തില് കര്‍ഷകയൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ജയിംസ് നിലപ്പന അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ ആമുഖപ്രസംഗം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാര്‍ട്ടി നേതാക്കളായ ഇ.ജെ.ആഗസ്തി, പ്രൊഫസര്‍ ഗ്രേസമ്മ മാത്യു, തോമസ് കണ്ണന്തറ, വി.ജെ. ലാലി, അഡ്വ. ജയ്സണ്‍ ജോസഫ്, വനിതാ കോണ്‍ഗ്രസ് പ്രസിഡന്റ് തങ്കമ്മ വര്‍ഗ്ഗീസ്, കര്‍ഷക യൂണിയന് നേതാക്കളായ ജോര്‍ജ്ജ് കിഴക്കുരശ്ശേരി, ജോണി പുളിന്തടം, സോജന് ജോര്‍ജ്ജ്, ബിജോയി പ്ലാത്താനം, സണ്ണി തെങ്ങുംപള്ളി, ബിനു ജോണ്‍, ആന്റച്ചന്‍ വെച്ചൂച്ചിറ, വിനോദ് ജോണ്‍, സജി മാത്യു, വൈസ്പ്രസിഡന്റുമാര്‍ സി.റ്റി. തോമസ്, ജോയി സി. കാപ്പന്, ജോജോ തോമസ്, കുഞ്ഞ് കളപ്പുര തുടങ്ങിയവര്‍ പ്രസംഗിച്ചു.
കടുത്തുരുത്തി സഹകരണാശുപത്രിയ്ക്ക് സമീപത്തുള്ള കുന്നശ്ശേരി തെങ്ങിന് പുരയിടത്തില്‍ തെങ്ങിന്‍തൈ നട്ടുകൊണ്ടാണ് ജില്ലാതല പ്രോഗ്രാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തത്. മികച്ച നാളികേര കര്‍ഷകരെ യോഗത്തില്‍ വച്ച് ആദരിക്കുകയുണ്ടായി. കോട്ടയം ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നാളികേര സൗഹാര്‍ദ്ദസംഗമം നടത്താന്‍ യോഗം തീരുമാനിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ജയിംസ് നിലപ്പന അറിയിച്ചു.