പാലക്കാട് : ഷോളയൂര്‍ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലില്‍ സഹപാഠികളുടെ മുന്നില്‍ നാല് ആദിവാസി വിദ്യാര്‍ഥിനികളുടെ വസ്ത്രമഴിപ്പിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. ഹോസ്റ്റല്‍ വാര്ഡൻ, ആയ, കൗണ്‍സലര്‍ എന്നിവരടക്കമുള്ള ജീവനക്കാരായ ആതിര, കൗസല്യ, കസ്തൂരി, സുജ എന്നിവര്‍ക്കെതിരേയാണു കേസ്. ഈ മാസം 22നാണു സംഭവം. വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ അന്യോന്യം വസ്ത്രങ്ങള്‍ മാറി ധരിക്കാറുണ്ട്.
ഇതു രോഗപ്പകര്ച്ചയ്ക്കിടയാക്കുമെന്നു ചൂണ്ടിക്കാട്ടി ആവര്‍ത്തിക്കരുതെന്നു നിര്‍ദേശം നല്‍കിയിരുന്നു. പാലിക്കാതിരുന്നതിനാല്‍ ഹോസ്റ്റലിലെ മറ്റു കുട്ടികളുടെ മുന്നില്‍വച്ചു വസ്ത്രം മാറ്റി ധരിപ്പിച്ചതാണു പരാതിക്കിടയാക്കിയത്. കുട്ടികള്‍ രക്ഷിതാക്കളെ വിവരമറിയിച്ചതോടെ അവരാണു പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ ഷോളയൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വിദ്യാര്‍ഥിനികളെ മറ്റു കുട്ടികളുടെ മുന്നില്‍വച്ച് വസ്ത്രം അഴിപ്പിച്ച് അപമാനിച്ച പരാതിയില്‍ മന്ത്രി കെ. രാധാകൃഷ്ണൻ അടിയന്തര റിപ്പോര്‍ട്ട് തേടി. പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടറോടാണു റിപ്പോര്‍ട്ട് തേടിയത്.