തിരുവനന്തപുരം : സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് നടനും മുന്‍ എംപിയുമായി സുരേഷ് ഗോപി. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായി സംസാരിച്ചുവെന്നും പദവിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ മാറിയെന്നും സുരേഷ് ഗോപി അറിയിച്ചു. സജീവ രാഷ്ട്രീയത്തില്‍ തുടരുന്നതില്‍ തടസം ഇല്ലെന്ന് കേന്ദ്രം അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിക്കു നന്ദി അറിയിച്ചു കൊണ്ടുള്ള ഫേസ് ബുക്ക് പോസ്റ്റിലാണ് സ്ഥാനം ഏറ്റെടുക്കുമെന്ന് അദ്ദേഹം അറിയിച്ചത്. പ്രതിഫലം പറ്റാത്ത പദവിയായതിനാല്‍ സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതിനു തടസ്സമില്ലെന്നാണു ലഭ്യമായ വിവരം.
തൃശൂര്‍ ലോകസഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്ന സുരേഷ് ഗോപിയെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിന്നു മാറ്റി നിര്‍ത്തി ഒതുക്കാനാണ് പുതിയ പദവി നല്‍കിയതെന്ന സൂചനകള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് അദ്ദേഹം പുതിയ പദവി സ്വീകരിക്കുന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയായിരുന്നു. കേരളത്തിലെ പാര്‍ട്ടി നേതാക്കളെ ഗൗനിക്കാതെ കേന്ദ്രനേതാക്കളുമായി നേരിട്ട് ഇടപെടുന്ന സുരേഷ് ഗോപിയുടെ പ്രവര്‍ത്തന രീതിയില്‍ അതൃപ്തിയുള്ളവരാണ് കേരള നേതാക്കളെന്നും അവരാണ് സുരേഷ് ഗോപിയെ ഒതുക്കാന്‍ ചരടുവലിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു. തൃശൂര്‍ പാര്‍ലമെന്റ് സീറ്റില്‍ മത്സരിക്കാന്‍ പദവി തടസ്സമല്ലെന്ന് ഉറപ്പിച്ചാണ് ഒടുവില്‍ പദവി ഏറ്റെടുക്കാന്‍ സുരേഷ് ഗോപി സന്നദ്ധനായിരിക്കുന്നത്