ഡല്‍ഹി : ഇന്ത്യയിലെ എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തി അഫ്ഗാനിസ്ഥാന്. ഇത് സംബന്ധിച്ച് അഫ്ഗാന് എംബസി അറിയിപ്പ് നല്കി.എംബസിയുടെ തലവനായ ഫാരിദ് മാമുന്‍ഡ്സെ ഇപ്പോള്‍ ലണ്ടനിലാണെന്നാണ് വിവരം. എന്നാല്‍ എംബസി പ്രവര്‍ത്തനം നിര്‍ത്തിയത് സംബന്ധിച്ച വാര്‍ത്തകളുടെ ആധികാരികത കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. 2021 ഓഗസ്റ്റില്‍ താലിബാന് അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിന് ശേഷവും മുന്‍ അഷ്റഫ് ഘാനി സര്‍ക്കാര്‍ നിയമിച്ച മാമുന്‍ഡ്സെ അഫ്ഗാന് പ്രതിനിധിയായി തുടരുകയായിരുന്നു.
അഫ്ഗാന് എംബസി ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെ ഡല്‍ഹിയിലെ അഫ്ഗാന് എംബസി ഈ വിഷയത്തില്‍ കത്തയച്ചതായി ഇന്ത്യന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഈ കത്തിന്റെ ആധികാരികതയും ഉള്ളടക്കവും പരിശോധിച്ചുവരികയാണ്. കഴിഞ്ഞ കുറേ മാസങ്ങളായി അഫ്ഗാന് അംബാസഡര്‍ മാമുന്‍ഡ്സെ ഇന്ത്യക്ക് പുറത്ത് താമസിക്കുന്നതും മൂന്നാമതൊരു രാജ്യത്തേക്ക് നയതന്ത്രജ്ഞര്‍ക്ക് പതിവായി പോകേണ്ടിവരുന്നതും എംബസി ജീവനക്കാര്‍ തമ്മിലുള്ള ആഭ്യന്തര കലഹവുമാണ് ഇതിന് കാരണമെന്ന് വൃത്തങ്ങള്‍ പറയുന്നു.