വൈക്കം റോഡ് റെയിൽവെ സ്റ്റേഷനിൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം: ആപ്പാഞ്ചിറ പൗരസമിതി സമരത്തിലേക്ക്

കടുത്തുരുത്തി: വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ആപ്പാഞ്ചിറ പൗരസമിതി വീണ്ടും സമരപരിപാടികൾ ആരംഭിക്കാൻ തീരുമാനിച്ചു.
വഞ്ചിനാട്, വേണാട്, മലബാർ ,രാജ്യറാണി, പരശുറാം, ബാംഗ്ലൂർ ഐലൻഡ്, അമൃത, വേളാങ്കണ്ണി, ചെന്നൈ മെയിൽ, ശബരി, മുംബൈ, കന്യാകുമാരി എന്നീ എക്സ്പ്രസ് ട്രെയിനുകൾക്ക് വൈക്കം റോഡിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൗരസമിതി വർഷങ്ങളായി സമരരംഗത്താണ്. വൈക്കം, മീനച്ചിൽ താലൂക്കുകളിലെ ജനങ്ങൾ ഏറെ ആശ്രയിക്കുന്നത് വൈക്കം റോഡ് റെയിൽവെ സ്റ്റേഷനെയാണ് . ഇവിടെ നിലവിൽ കേരളാ എക്സ് പ്രസ്, പാലരുവി, ഗുരുവായൂർ എക്സ്പ്രസിനും പാസഞ്ചർ ,മെമു ട്രെയിനുകൾക്കും മാത്രമാണ് സ്റ്റോപ്പുള്ളത്. കോട്ടയം – എറണാകുളം മെയിൻ റോഡിലെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യന്ന റെയിൽവെ സ്റ്റേഷനായ വൈക്കം റോഡിൽ കൂടുതൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പു അനുവദിച്ചാൽ യാത്രാക്കാർക്ക് ഏറെ ഗുണകരമാകും.
വൈക്കം റോഡ്‌ റെയിൽവെ സ്റ്റേഷനെ അമൃത് ഭാരത് സ്റ്റേഷനായി ഉയർത്തണമെന്നും മുതിർന്ന പൗരന്മാർക്ക് ഉണ്ടായിരുന്ന യാത്രായിളവുകൾ പുന:സ്ഥാപിക്കണമെന്നും പൗരസമിതി യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് പൗരസമിതിയുടെ നേതൃത്വത്തിൽ ധർണ്ണ ,ജനകീയ സദസ്, കാമ്പയിനുകൾ നടത്താൻ യോഗം തീരുമാനിച്ചു.
പൗരസമിതി പ്രസിഡൻ്റ് പി.ജെ.തോമസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. അബ്ബാസ് നടയ്ക്കമ്യാലിൽ, ചന്ദ്ര ബോസ് ഭാവന, കുഞ്ഞുകുഞ്ഞ് പുള്ളോൻ കാലായിൽ,ജോസഫ് തോപ്പിൽ, ജെയിംസ്, മേരിക്കുട്ടി ചാക്കോ, അഡ്വ.കെ.എം.ജോർജ്, ഷാജി കാലായിൽ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles