ഒന്‍റാരിയോ: കാനഡയിൽ രണ്ട് ഖലിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് നിരോധനം ഏർപ്പെടുത്തി. ബബ്ബർ ഖൽസ ഇന്‍റര്‍നാഷണല്‍, സിഖ് യൂത്ത് ഫെഡറേഷൻ എന്നീ സംഘടനകളെയാണ് രാജ്യത്ത് നിരോധിച്ചത്. കാനഡയിലെ അഞ്ച് സംഘടനകളെ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തേണ്ട സംഘടനകളുടെ പട്ടികയും കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി.
ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ – കാനഡ ബന്ധത്തില്‍ ഒരു അകൽച്ച വന്നിരുന്നു. നിജ്ജര്‍ കൊലപാതകത്തിലെ അതൃപ്തി ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടറിയിച്ച ട്രൂഡോ, കനേഡിയന്‍ പാര്‍ലമെന്റിലാണ് ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് തുറന്നടിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍, ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുന്ന സാഹചര്യത്തിൽ കാനഡ നിലപാട് മയപ്പെടുത്തുകയും ചെയ്തു. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും വികസന നയങ്ങളില്‍ ഒന്നിച്ച് നീങ്ങുമെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കുകയായിരുന്നു. എന്നാല്‍, സ്വന്തം മണ്ണിൽ കാനഡ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഉന്നയിച്ച് കൊണ്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കടുത്ത നിലപാട് സ്വീകരിച്ചു. ഉദ്യോഗസ്ഥർക്ക് നയതന്ത്ര കാര്യാലയങ്ങളിൽ പോകാൻ ഭയമാണ്. അവരെ പരസ്യമായി ഭീഷണിപ്പെടുത്തുകയാണ്. വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കാരണം അതാണെന്നും ജയശങ്കർ പറഞ്ഞു.