ന്യൂസ് ഡെസ്ക് : ഒരുകാലത്തു ക്രിക്കറ്റിനോടൊപ്പം തന്നെ എം.എസ്.ധോണിയുടെ ആ ഹെയര്‍സ്റ്റൈലിനും നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്. പന്തിന് പിന്നാലെ ഓടുമ്പോള്‍ ഇളകുന്ന ആ നീളൻ മുടി കാണാൻ തന്നെ എന്ത് ഭംഗിയാണെന്നാണ് ആരാധകര്‍ പറഞ്ഞിരുന്നത്.പിന്നീട് മുടി വെട്ടി ധോണി സ്റ്റൈല്‍ മാറ്റിയെങ്കിലും പലരുടെയും മനസില്‍ നിന്നും ആ നീളൻ മുടി മാഞ്ഞില്ല. എന്നാല്‍ ഇപ്പോഴിതാ ആ പഴയ നീളൻ മുടിയുമായി പുത്തൻ ലുക്കിലെത്തിയിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികളുടെ സ്വന്തം മഹി.
സെലിബ്രിറ്റി ഹെയര്‍സ്റ്റൈലിസ്റ്റ് ആലിം ഹക്കിമാണ് ധോണിയുടെ കൂള്‍ ലുക്കിന് പിന്നില്‍. അദ്ദേഹം സമൂഹ മാധ്യമത്തില്‍ പങ്കുവച്ച ചിത്രങ്ങള്‍ വൈറലായി. കഴിഞ്ഞ ഐപിഎല്‍ സീസണ്‍ സമയത്താണ് ധോണി ആലിം ഹക്കിമിന് ഒരു ആരാധകൻ അയച്ചു കൊടുത്ത നീണ്ട മുടിയോടു കൂടിയ ധോണിയുടെ ചിത്രം കാണിച്ചത്. ചിത്രത്തിലേതു പോലെ മുടി നീട്ടിയാല്‍ നന്നായിരിക്കുമെന്ന് ഇരുവര്‍ക്കും തോന്നി. പിന്നാലെ മുടി വെട്ടരുതെന്ന് തീരുമാനിക്കുകയായിരുന്നു. മുടി നീണ്ടതിന് ശേഷം ആലിം സൂപ്പര്‍ ലുക്കില്‍ ആരാധകര്‍ക്കു മുന്നില്‍ ധോണിയെ എത്തിച്ചു. പുത്തൻ ലുക്കിലുള്ള ധോണിയുടെ ചിത്രങ്ങള്‍ ആരാധകരേറ്റെടുത്തു. സത്യത്തില്‍ നിങ്ങള്‍ ഇതെന്തു ഭാവിച്ചാണ്, ഹൃത്വിക് റോഷനെ പോലെയുണ്ട് ഇതാ നമ്മുടെ പഴയ മഹി തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്