കുറവിലങ്ങാട്: കേരളത്തിൻ്റെ തനതു വാദ്യമായ ചെണ്ടയിൽ പയറ്റിത്തെളിഞ്ഞ ഒരു കൂട്ടം കലാകാരൻമാർ ചേർന്ന് കലയുടെ മേളപ്പദമൊരുക്കുന്നു. ചെണ്ടയും ഇലത്താളവുമുപയോഗിച്ച് പാണ്ടിയും പഞ്ചാരിയും കൊട്ടിക്കയറി ദേവമാതായിലെ വിദ്യാർത്ഥികൾ താളവിസ്മയം തീർക്കുന്നു. കേരളത്തിൻ്റെ കലാലയചരിത്രത്തിൽ ഇതാദ്യമായിരിക്കാം വിദ്യാർത്ഥികൾ ചേർന്ന്, ചെണ്ടമേള ട്രൂപ്പിന് രൂപം നൽകുന്നത്. കലാസമിതിയുടെ അരങ്ങേറ്റം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. വിദ്യാർത്ഥികളുടെ സർഗ്ഗസിദ്ധികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി ദേവമാതാ കോളെജ് രൂപീകരിച്ച ടാലൻറ് സെർച്ച് ആൻ്റ് നർച്ചർ ക്ലബിൻ്റെ നേതൃത്വത്തിലാണ് വാദ്യകലാസമിതി പ്രവർത്തിക്കുന്നത്. പ്രിൻസിപ്പൽ ഡോ.സുനിൽ സി.മാത്യു , വൈസ് പ്രിൻസിപ്പൽ ഫാ.ഡിനോയി കവളമ്മാക്കൽ, അദ്ധ്യാപകരായ നിഷ കെ. തോമസ്, ജോസ് മാത്യു, നിരോഷ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ദേവനാദം വാദ്യകലാസമിതി പ്രവർത്തിക്കുന്നത്. ഉത്സവങ്ങൾ, പെരുന്നാളുകൾ എന്നിവയോട് അനുബന്ധിച്ച് മുൻകൂറായി ബുക്കിംഗ് സ്വീകരിച്ച് ചെണ്ടമേളം അവതരിപ്പിക്കുന്ന വിദ്യാർത്ഥികളുടെ ഈ കൂട്ടായ്മ, കോളെജിൻ്റെ വജ്രജൂബിലി വർഷത്തിലെ സംരംഭം എന്ന നിലയിൽ ഏറെ പ്രതീക്ഷയ്ക്കു വകനൽകുന്നു.